തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷംനയ്ക്കാണ് പാമ്പുകടിയേറ്റത്. കിണറ്റിന്റെ ഭാഗത്ത് വെച്ചാണ് പാമ്പുകടിയേറ്റത്. കാലിന്റെ രണ്ട് സ്ഥലത്തായി പാമ്പുകടിച്ചതായാണ് പ്രാഥമിക നിഗമനം. ഷംനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ പോത്തന്‍കോട് വിദ്യാര്‍ത്ഥിനിയെ പാമ്പുകടിച്ചു. വേങ്ങോട് സ്വദേശിനി ദുര്‍ഗ്ഗ(18)യെയാണ് പാമ്പുകടിച്ചത്. അമ്മൂമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ദുര്‍ഗ്ഗയ്ക്ക് പാമ്പുകടിയേറ്റത്. പെണ്‍കുട്ടിയുടെ ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ കൊണ്ടുപോയതിന് ശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം.
അതേസമയം, ചിറയിന്‍കീഴില്‍ എട്ടുവയസ്സുകാരന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടി. അടിയന്തര റിപ്പോര്‍ട്ട് നല്കാന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി. കുട്ടിയെ ആദ്യം എത്തിച്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്നും മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന് ദിക്ഷല്‍ ആണ് പാമ്പുകടിയേറ്റ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. കുഞ്ഞ് കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
Content Highlights- A housewife in Varkala suffered a snake bite and was shifted to Thiruvananthapuram Medical College for treatment