ശബരിമല മുതൽ മുണ്ടത്തിക്കോട് വരെ; കേരളത്തെ നടുക്കിയ വെടിക്കെട്ട് അപകടങ്ങൾ

ശബരിമലയിൽ വെടിവഴിപാട് നടത്തുന്നതിനായി കരിമരുന്ന് സൂക്ഷിച്ചിരുന്ന വെടിക്കെട്ട് പുരയ്ക്ക് തീപിടിക്കുകയും സ്‌ഫോടനമുണ്ടാവുകയുമായിരുന്നു

തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേരള ജനതയെ വേദനയിലാഴ്ത്തിയ ദുരന്തമുണ്ടായിരിക്കുന്നത്. തിരുവമ്പാടി ഭാഗത്തിന്റെ വെടിക്കെട്ടിനായി പടക്കങ്ങള്‍ നിര്‍മ്മിച്ചിരുന്ന വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. ദുരന്തത്തില്‍ ഇതുവരെ ഒന്‍പത് മൃതദേഹങ്ങള്‍ മാത്രമാണ് ലഭിച്ചത്. നിരവധി ശരീരാവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചിന്നിച്ചിതറിയ ശരീരഭാഗങ്ങളായതിനാല്‍ അവ മരണപ്പെട്ടവരുടെ എണ്ണത്തില്‍ കണക്കാക്കാനായിട്ടില്ല. 13 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കേരളത്തെ ഞെട്ടിച്ച വെടിക്കെട്ട് ദുരന്തങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2016 ഏപ്രില്‍ പത്തിന് കൊല്ലം ജില്ലയിലെ പുറ്റിങ്ങലില്‍ നടന്ന വെടിക്കെട്ട് അപകടമാണ്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു അത്. പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുളള വെടിക്കെട്ടിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ അന്ന് ജീവന്‍ നഷ്ടമായത് 114 പേര്‍ക്കാണ്. 650-ലധികം പേര്‍ക്ക് പരിക്കേറ്റു. അതില്‍ തന്നെ അഞ്ഞൂറോളം പേരുടെ പരിക്ക് ഗുരുതരമായിരുന്നു. അന്ന് സമീപത്തെ 358 വീടുകള്‍ക്ക് നാശനഷ്ടവുമുണ്ടായിരുന്നു.

2016-ല്‍ എറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടില്‍ ജീവന്‍ നഷ്ടമായത് രണ്ടുപേര്‍ക്കാണ്. ക്ഷേത്രത്തിലെ താലപ്പൊലിയ്ക്കിടെ വെടിക്കെട്ട് തയ്യാറാക്കുന്ന പുരയിലാണ് സ്‌ഫോടനമുണ്ടായത്. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനും നിയമവിരുദ്ധമായി വെടിക്കെട്ട് നടത്തിയതിനും മരട് കൊട്ടാരം ക്ഷേത്രഭാരവാഹികളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

2013-ല്‍ പന്നിയംകുറിശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേരാണ് മരിച്ചത്. വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിക്കുന്ന രാസവസ്തുക്കള്‍ കൈകാര്യം ചെയ്തതിലെ പിഴവാണ് അപകടത്തിലേക്ക് നയിച്ചത്. അന്നത്തെ സ്‌ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായും തകരുകയും സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെടുകയും ചെയ്തിരുന്നു.

2011-ല്‍ പാലക്കാട് ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് പതിമൂന്നുപേരാണ് മരിച്ചത്. ത്രാങ്ങാലി പൂരത്തോട് അനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന വെടിക്കെട്ട് പുരയ്ക്ക് തീപിടിക്കുകയായിരുന്നു.

2008-ല്‍ എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലിയുടെ ഭാഗമായുളള വെടിക്കെട്ടിനിടെ ഡൈന ആളുകള്‍ക്കിടയില്‍ വീണ് പൊട്ടിയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു.

2006-ല്‍ തൃശൂര്‍ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

പുറ്റിങ്ങല്‍ അപകടത്തിന് മുന്‍പ് കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതത് 1952-ൽ ശബരിമലയില്‍ നടന്ന കരിമരുന്ന് സ്‌ഫോടനത്തിലാണ്. അന്ന് 68 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അന്ന് ശബരിമലയിലെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. 1952 ജനുവരി 14-ന് ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ വെടിവഴിപാട് നടത്തുന്നതിനായി കരിമരുന്ന് സൂക്ഷിച്ചിരുന്ന വെടിക്കെട്ട് പുരയ്ക്ക് തീപിടിക്കുകയും സ്‌ഫോടനമുണ്ടാവുകയുമായിരുന്നു. വെടിക്കെട്ട് പുരയ്ക്ക് സമീപം തടിച്ചുകൂടിയിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

കേരളത്തിലുണ്ടായ മറ്റ് പ്രധാന വെടിക്കെട്ട് അപകടങ്ങള്‍

  • 1999 ൽ പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. എട്ടുപേരാണ് അപകടത്തിൽ മരിച്ചത്.
  • 1998ൽ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമ്മാണശാലയിൽ ഉണ്ടായ പൊട്ടിത്തറി. 13 പേരാണ് അപകടത്തിൽ മരിച്ചത്.
  • 1997ൽ തൃശൂർ ചിയ്യാരം പടക്കനിർമ്മാണശാലയിൽ ഉണ്ടായ പൊട്ടിത്തെറി. ആറുപേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.
  • 1990ൽ കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. 26 പേരാണ് അന്ന് മരിച്ചത്.
  • 1989ൽ തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അപകടം. 12 പേർ മരിച്ചു.
  • 1988ൽ തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് അപകടം. സ്ത്രീകളുൾപ്പെടെ പത്തുപേർക്ക് ജീവൻ നഷ്ടമായി.
  • 1987 ഏറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിന് വെടിക്കെട്ടൊരുക്കുന്ന വടക്കേ ചേരുവാരം വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു 5 മരണം
  • 1987ൽ തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ -കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. 20 പേരാണ് അന്ന് മരിച്ചത്.
  • 1984ൽ തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിനുണ്ടായ വെടിക്കെട്ടപകടം. 20 പേർക്ക് ജീവൻ നഷ്ടമായി.
  • 1978ൽ തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിന് മേലെ പതിച്ചുണ്ടായ അപകടം. എട്ടുപേരാണ് അന്ന് മരിച്ചത്.

Content Highlights: From Sabarimala to Mundathikode; Fireworks disasters that shook Kerala

To advertise here,contact us