ആലപ്പുഴ : ചെങ്ങന്നൂരിൽ മരിച്ച വയോധികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ചെങ്ങന്നൂര്‍ സ്വദേശിയായ യേശുദാസന്റെ(74) മൃതദേഹമാണ് കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പുലിയൂര് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലെ കല്ലറയാണ് തുറന്നത്.
മാര്‍ച്ച് 20 നാണ് യേശുദാസന് മരിച്ചത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രവാസിയായ മരുമകള്‍ ലീനയുടെ പരാതി. യേശുദാസന്റെ സഹോദരന് ഗബ്രിയേല്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. യേശുദാസന്റെ പേരിലുള്ള സ്വത്ത് സഹോദരന്റെ പേരിലാക്കി ആധാരം രജിസ്റ്റർചെയ്ത് 90 ദിവസത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലീനയുടെ ആരോപണം. മരണത്തിന് പിന്നാലെ സഹോദരൻ തങ്ങളെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും ഒരു ആധാരത്തിൽ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതെന്നും ഇവർ പറയുന്നു.
മരണസമയത്ത് യേശുദാസൻ ഛർദിച്ച് അവശനിലയിലായിരുന്നുവെന്നും ശരീരം കടുംനീല നിറത്തിലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. മാത്രമല്ല, യേശുദാസനെ ആശുപത്രിയിൽ കൊണ്ടുപോയതൊന്നും തന്നെയോ വിദേശത്തുള്ള മകളെയോ മറ്റുബന്ധുക്കളെയോ അറിയിച്ചില്ലെന്നും ലീന പറഞ്ഞു.
വീട്ടുജോലിക്കാരി ഉണ്ടാക്കിനൽകിയ കേക്ക് കഴിച്ചതിന് ശേഷമാണ് യേശുദാസൻ അവശനിലയിലായതെന്നാണ് മരുമകളുടെ ആരോപണം. വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതെന്ന് സംശയമുണ്ടെന്നും ഇവർ പറയുന്നു.യേശുദാസന് ഒരു മകനും ഒരു മകളുമാണുള്ളത്. മകൻ 2017-ൽ മരിച്ചിരുന്നു. മകൾ യുകെയിലാണ്. പിതാവിന്റെ മരണത്തിൽ യുകെയിലുള്ള മകൾക്കും പരാതിയുണ്ടെന്നാണ് മരുമകളായ ലീന മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്നാണ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയതെന്നും ഇവർ വ്യക്തമാക്കി.
Content Highlight : The daughter-in-law has alleged that there is suspicion surrounding the death of the elderly man in Chengannur.