'ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു'; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്നും പരാതിയില്‍

കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതുല്‍ നിലവില്‍ ഒളിവിലാണെന്നാണ് സൂചന. കെഎസ്‌യു പ്രവര്‍ത്തകയായ യുവതിക്ക് 2018 മുതല്‍ അതുലുമായി സൗഹൃദമുണ്ട്. ഈ വര്‍ഷം ഒരു യാത്രയ്ക്കിടെയാണ് ഇത്തരത്തില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

കെഎസ്‌യു പ്രവര്‍ത്തകയായ യുവതി പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതോടെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യുവതി നല്‍കിയ പരാതിയിലാണ് വനിതാ പൊലീസ് കേസെടുത്തത്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Content Highlights: Complaint against KSU Kannur distric president M C Athul

To advertise here,contact us