കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ കേരളാ പൊലീസ്; നീക്കം മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതകണ്ട്

പെണ്‍കുട്ടിയെ തല്‍ക്കാലം മധ്യപ്രദേശിലേക്ക് വിട്ടയക്കേണ്ടതില്ലെന്നാണ് കേരളാ പൊലീസിന്റെ തീരുമാനം

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള സാധ്യത മുന്നിൽ കണ്ട് സുരക്ഷ ഒരുക്കാൻ കേരള പൊലീസ്. മധ്യപ്രദേശില്‍ നിന്ന് വനിതാ എസ്പി അടക്കം കേരളത്തിലെത്തിയത് പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനായാണ് എന്നാണ് സൂചന. അറസ്റ്റ് ചെയ്യാതെ കൊണ്ടുപോകാനാകും എന്നാണ് കേരളാ പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ പെണ്‍കുട്ടിയെ തല്‍ക്കാലം മധ്യപ്രദേശിലേക്ക് വിട്ടയക്കേണ്ടതില്ലെന്നാണ് കേരളാ പൊലീസിന്റെ തീരുമാനം. പെണ്‍കുട്ടിയ്ക്ക് സുരക്ഷ നല്‍കാനാണ് ആലോചന. പൂര്‍ണസമയ നിരീക്ഷണം ഉറപ്പുവരുത്താനാണ് കേരളാ പൊലീസിന്റെ തീരുമാനം. ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇത് തുടരും.

അതേസമയം, പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. യുവാവിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുളള ഹൈക്കോടതി ഉത്തരവ് കൊച്ചി പൊലീസ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. തനിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതിന് പിന്നാലെയാണ് പെൺകുട്ടി പരാതി നൽകിയത്.

കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയും ഫർമാൻ ഖാനും മാർച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസെടുത്തത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആധാറും പാൻ കാർഡും ജനന സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷൻ നടത്തിയതെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 18 വയസ് തികഞ്ഞിട്ടുണ്ടെന്നും വിവാഹം നടന്നതിൽ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോർട്ട്‌ റൂറൽ എസ് പി ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നു.

Content Highlights: Move to take Kumbh Mela viral star to Madhya Pradesh; Kerala Police to ensure surveillance

To advertise here,contact us