കൊച്ചി: എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ കഴിഞ്ഞ രണ്ടുദിവസമായി സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി റിപ്പോര്‍ട്ടര്‍ ടി വി. സ്ത്രീത്വത്തെ അപമാനിച്ചു, വിദ്വേഷ പ്രചാരണം എന്നിവ ചൂണ്ടിക്കാട്ടി ഇടതുസൈബര്‍ പ്രൊഫൈലുകളായ അര്ജുന് ആയങ്കി, അഡ്വ. വൈശാഖന് എന്‍ വി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് പരാതി നല്‍കിയത്.
സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിലൂടെ ആവശ്യപ്പെട്ടു. സൈബര്‍ അതിക്രമം ഉള്‍പ്പെടുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് എത്രയും വേഗം നിര്‍ദേശം നല്‍കണമെന്നും പരാതിയിലൂടെ ഉന്നയിച്ചു.
അര്ജുന് ആയങ്കിയെന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കടുത്ത അശ്ലീല പരാമര്‍ശവും അസഭ്യവര്‍ഷവുമാണ് അര്ജുന് ആയങ്കി നടത്തിയത്. സ്മൃതി പരുത്തിക്കാടിനെതിരെ ശാരീരിക അതിക്രമത്തിന് ആഹ്വാനം ചെയ്യുകയും ചിത്രം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികലമാക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം ലിങ്കുകളും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയത്.
Content Highlights: Cyber attack against smruthy paruthikad Reporter TV filed Complaint with the DGP