'പരസ്യമായി ഒട്ടി രഹസ്യമായി കുത്തുന്ന നിലപാടാണ് ക്രൈസ്തവ സഭകൾക്കുള്ളത്' RSS മുഖപത്രത്തില്‍ വിമര്‍ശനം

ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി

കൊച്ചി: ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാനും ബിജെപി നേതൃത്വത്തോട് പരസ്യമായി ഒട്ടുകയും പിന്നീട് രഹസ്യമായി കുത്തുകയും ചെയ്യുന്ന നിലപാടാണ് ക്രൈസ്തവ സഭകൾക്ക് ഉള്ളതെന്ന് മുഖപത്രത്തില്‍ ജി കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിൽ പറയുന്നു. മെത്രാന്മാരും സഭാ ഭാരവാഹികളും എന്നാണ് ബിജെപിയെ പിന്തുണച്ചിട്ടുള്ളത്. എല്ലാ കാലത്തും ബിജെപിക്കും സംഘപരിവാറിനും എതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ രക്തസാക്ഷി പരിവേഷവുമായി എഫ്‌സിആർഎ നിയമഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുള്ളത് എന്നും ലേഖനത്തിൽ വിമർശനമുണ്ട്.

'സഭകൾ വിരട്ടുന്നത് ആരെ' എന്ന ലേഖനത്തിലാണ് വിമർശനമുള്ളത്. കേരളത്തിലെ ക്രൈസ്തവരോട് ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും എല്ലാ കാലത്തും സൗഹാര്‍ദ്ദപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് ലേഖനത്തിൽ പറയുന്നു. എന്നാൽ മതപരിവർത്തനമാണ് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ വിടവിന് കാരണം. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരുമാണ് എന്നും ലേഖനത്തിൽ തുറന്നു വിമർശിക്കുന്നു.

ജഗതി ശ്രീകുമാർ സിനിമയിൽ ചോദിക്കുന്നത് പോലെയാണ് സഭകളും മെത്രാന്മാരും അലമുറയിടുന്നത് എന്നും ലേഖനത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ഈ പ്രശ്‌നത്തിന്റെ പേരില്‍ വോട്ട് ചെയ്യില്ല എന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ ഒരു കാര്യം ഓര്‍മിക്കണമെന്നും ദേശവിരുദ്ധ ശക്തികളുടെയോ ധര്‍മ്മ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെയോ വോട്ട് കൊണ്ടല്ല ബിജെപി വളര്‍ന്നതും ഭരണത്തില്‍ ഏറിയത് എന്നും ലേഖനത്തിൽ പറയുന്നു. കോണ്‍ഗ്രസ് നേരത്തെ അറിയപ്പെട്ടിരുന്നത് കത്തോലിക്കാ കോണ്‍ഗ്രസ് എന്നും ക്രൈസ്തവ കോണ്‍ഗ്രസ് എന്നുമായിരുന്നു എന്നും പട്ടം മുതല്‍ മന്നം വരെ പറഞ്ഞത് മറക്കരുത് എന്നും ലേഖനത്തിൽ വിമർശനമുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചാൽ അതിനെ നേരിടാൻ ഹൈന്ദവ സമൂഹം തയ്യാറാകേണ്ടി വരുമെന്നും ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Content Highlights: Kesari article criticizes Christian churches, alleging a dual stance toward BJP, sparking political debate in India.

To advertise here,contact us