കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിൽ; സ്വീകരിച്ച് എം വി ഗോവിന്ദൻ

കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു നുസൂറിൻ്റെ രാജി

തിരുവനന്തപുരം: കോൺഗ്രസ്‌ വിട്ട എൻഎസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നുസൂറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു നുസൂറിൻ്റെ രാജി. യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന എൻ എസ് നുസൂ‍ർ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു കോൺ​ഗ്രസ് വിട്ടത്. വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നായിരുന്നു നുസൂറിൻ്റെ ആരോപണം. സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന കുറിപ്പോടെയുള്ള ഫേസ്ബുക്ക് പോസ്റ്റും നുസൂർ പങ്കുവെച്ചിരുന്നു.

കോൺഗ്രസിന് അസ്തിത്വം നഷ്ടപ്പെട്ടുവെന്നായിരുന്നു സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെ എൻ എസ് നുസൂറിൻ്റെ പ്രതികരണം. കോൺഗ്രസിന് മതേതര മൂല്യം നഷ്ടപ്പെട്ടു. മതേതര ആശയങ്ങളെ പ്രണയിച്ചുകൊണ്ട് കോൺഗ്രസിൽ നിൽക്കാൻ കഴിയാതായി. മതേതര ആശയങ്ങൾ നിലനിൽക്കണമെങ്കിൽ സിപിഐഎം വേണം. മതേതര ആശയങ്ങൾ ബാക്കിയുള്ളത് സിപിഐഎമ്മിൽ മാത്രം. താൻ ചുവന്ന കൊടിക്കീഴിൽ സുരക്ഷിതനായിരിക്കും. മനസ്സും ശരീരവും സിപിഐഎമ്മിന് നൽകുന്നുവെന്നും എൻ എസ് നുസൂർ പ്രതികരിച്ചു.

വയനാട് ദുരന്ത ബാധിതരുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയ കോൺ​ഗ്രസിനെതിരെ നുസൂർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു നുസൂറിൻ്റെ പരാതി. ബാങ്ക് അക്കൗണ്ടിൽ തിരിമറി നടന്നെന്നും പരാതിയിൽ പറഞ്ഞിരുന്നു.

കോൺഗ്രസ് വിട്ടതിന് പിന്നാലെ നേരത്ത എൻ എസ് നുസൂർ കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ചിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നുസൂർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി കെ സി വേണുഗോപാല്‍ മാറിയെന്നായിരുന്നു നുസൂറിൻ്റെ ആരോപണം. ബിജെപി- കോണ്‍ഗ്രസ് ഡീലിനെപ്പറ്റി താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ നിരവധി കോണ്‍ഗ്രസുകാര്‍ വിളിച്ചെന്നും തിരുവനന്തപുരത്ത് ബിജെപി കോണ്‍ഗ്രസ് ഡീല്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയാമെന്നും നുസൂര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ പല വാര്‍ഡുകളിലും യുഡിഎഫ് വോട്ട് ഷെയര്‍ കുറയുന്നു. വോട്ടിങ് പാറ്റേണ്‍ ആകെ മാറി. ആ വോട്ടുകള്‍ ബിജെപിയിലേക്ക് ഷിഫ്റ്റ് ചെയ്തുവെന്നും നുസൂർ ചൂണ്ടിക്കാണിച്ചിരുന്നു. അരുവിക്കരയില്‍ ശിവകുമാറിന് വഴിയൊരുക്കാന്‍ ബിജെപി നേരിട്ട് ഇറങ്ങിയെന്നും നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുകയാണ് പുതിയ ഡീലെന്ന ആരോപണവും നുസൂർ ഉന്നയിച്ചിരുന്നു. വാമനപുരത്ത് ഉള്‍പ്പെടെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കോണ്‍ഗ്രസിന് മറുപടി ഇല്ലെന്നും റിയാസ് മുക്കോളി വിജയിക്കുന്ന സ്ഥാനാര്‍ത്ഥി ആയിരുന്നുവെന്നും പകരം അവിടെ പേയ്മെന്റ് സീറ്റ് കൊടുത്തെന്നും നുസൂര്‍ ആരോപിച്ചിരുന്നു.

Content Highlights: Former Youth Congress State Vice President NS Nusoor quits Congress over denied ticket and alleged deals, joins CPI(M). CPI(M) State Secretary MV Govindan formally welcomes him amid Kerala Assembly Elections 2026 developments.

To advertise here,contact us