'ക്‌ളാസിലേക്ക് വന്നാൽ മതപരമായ കാര്യങ്ങളും ബോഡി ഷെയ്‌മിങ്ങുമാണ് പറയുക; അയാൾ സാറല്ല, മൃഗമാണ്'

നിഥിന്റെ സഹപാഠികളായ വിദ്യാർത്ഥിനികളാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നത്

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിൽ അധ്യാപകനായ ഡോ. റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനികൾ. നിഥിന്റെ സഹപാഠികളായ വിദ്യാർത്ഥിനികളാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഡോ. റാം നിറം കുറഞ്ഞ കുട്ടികളെ അധിക്ഷേപിക്കുകയും നിറം കൂടിയാൽ തമാശരൂപേണ പരാമർശങ്ങൾ നടത്തുകയും ചെയ്യും. നിരവധി കുട്ടികൾ അയാൾ കാരണം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അറ്റൻഡൻസ് കളയും എന്നുള്ള ഭയം കാരണമാണ് ക്‌ളാസിൽ പോകുന്നത് എന്നും അവർ പറഞ്ഞു.

'നിതിന്റെ പേപ്പർ കുട്ടികളുടെ മുൻപിൽ വായിച്ചുകേൾപ്പിച്ച് അവനെ ഹരാസ് ചെയ്തിട്ടുണ്ട്. എന്നെ ഫാറ്റി ഗേൾ എന്നാണ് വിളിക്കാറ്. നിറം കുറവാണെങ്കിൽ കറുത്തിട്ടാണെന്ന് പറയും. നിറം കൂടിയ കുട്ടിയാണെങ്കിൽ കാണാൻ സിൻഡ്രല്ലയെ പോലെയുണ്ടെന്ന് പറയും. സീനിയേഴ്സ് അടക്കം ഇയാളുടെ ട്രോമ കടന്നുവന്നതാണെന്ന് പറയാറുണ്ട്. ആത്മഹത്യയുടെ വക്കിൽ എത്തിയിട്ടുണ്ട്.'

'റാം എന്ന സാർ പറയുന്നത് എല്ലാം ചെയ്യണമെന്ന് പറയാറുണ്ട്. അറ്റൻഡൻസ് കളയുമെന്ന് ഭയന്നിട്ടാണ് ക്‌ളാസിലേക്ക് പോകുന്നത്. ക്‌ളാസിലേക്ക് വന്നാൽ മതപരമായ കാര്യങ്ങളും ബോഡി ഷെയ്‌മിങ്ങുമാണ് പറയുക. ഒരു മണിക്കൂർ ക്‌ളാസ് എങ്കിൽ 55 മിനുട്ടും ഇങ്ങനെയാണ്. ഒന്നും പഠിപ്പിക്കാറില്ല. അടുത്ത ദിവസം വന്ന് ടെക്സ്റ്റ് വായിച്ചോ എന്ന് ചോദിക്കും. പഠിച്ചാലല്ലേ വായിക്കാൻ പറ്റൂ. എല്ലാവരോടും ഇറങ്ങിപ്പോകാനും മൂന്ന് മാസത്തെ അറ്റൻഡൻസ്ഇല്ല എന്നും പറയും. അറ്റൻഡൻസ് ഇല്ലാതെ എങ്ങനെ എക്സാം എഴുതാനാണ്?'

'നിതിൻ റാം സാറിന്റെ ഒരു ടാർഗറ്റ് ആയിരുന്നു. അവനെ സ്ഥിരം ഹറാസ് ചെയ്യുമായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞത് മൂലം മീറ്റിങ്ങിന് അമ്മ വരാത്തതിന് അമ്മയുടെ കാലിന് കുഴപ്പം ഒന്നുമില്ലേ എന്നാണ് ചോദിച്ചത്. കുട്ടികളോട് ട്രാൻസ്ജെൻഡറാണോ ഗേ ആണോ എന്നൊക്കെ ചോദിക്കും. എക്സാം തോൽപ്പിക്കും എന്നൊക്കെയുള്ള ടെൻഷൻ കാരണം ആരും പരാതിപ്പെടാറില്ല. തനിക്ക് സസ്‌പെൻഷൻ കിട്ടിയാൽ ഒന്നുമില്ലെന്നും താൻ ഒരാളെ കൊന്നിട്ടുണ്ട് എന്ന് പരസ്യമായി പറയും' വിദ്യാർത്ഥിനികൾ പറഞ്ഞു.

അധ്യാപകനെതിരെ നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നും സഹപാഠികൾ പറഞ്ഞു. നിതിൻ വീണു എന്നറിഞ്ഞപ്പോൾ എല്ലാവരും ഷോക്ക് ആയിപ്പോയി. ഞങ്ങൾക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല. നിതിൻ ചാടുന്നത് കാഷ്വാലിറ്റിയിലുള്ളവർ കണ്ടിട്ടുണ്ട്. സംഭവം നടന്ന അന്ന് നിതിൻ ക്‌ളാസിലേക്ക് വന്നില്ല. ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് നിതിൻ വീണു എന്ന കാര്യം അറിഞ്ഞത് സഹപാഠികൾ പറഞ്ഞു.പരാതി നൽകിയാൽ നഷ്ടം വിദ്യാർത്ഥികൾക്ക് തന്നെയാണെന്ന് ഭീഷണി ഉണ്ടായിരുന്നതായും സഹപാഠികൾ പറഞ്ഞു.

റാം സാറിനെ സാർ എന്ന് വിളിക്കാൻ പോലും തോന്നാറില്ല എന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. എന്തുകൊണ്ടാണ് തന്നെ മാത്രമേ ടാർഗറ്റ് ചെയ്യുന്നത് എന്ന് നിതിൻ ചോദിക്കുമായിരുന്നു, താൻ ആശ്വസിപ്പിക്കുമായിരുന്നു. അദ്ദേഹം ഒരു കുട്ടികളെയും ഇനി പഠിപ്പിക്കാൻ പാടില്ല എന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

Content Highlights: Fresh allegations by students in the Ancharakandi Dental College case deepen controversy over Nithin Raj’s death, raising demands for investigation.

To advertise here,contact us