'22 ദിവസം കഴിഞ്ഞോട്ടെ…കണക്കുകള്‍ ഒരുപാടുണ്ട് തീര്‍ക്കാന്‍'; ഭീഷണിയുമായി കെഎസ്‌യു നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും യുഡിഎഫ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ച സജീവമാണ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് കെഎസ്‌യു നേതാവിന്റെ ഭീഷണി. '22 ദിവസം കൂടെ കഴിഞ്ഞോട്ടെ, കണക്കുകള്‍ ഒരുപാടുണ്ട് തീര്‍ക്കാന്‍' എന്നാണ് ഭീഷണി.

'സാറേ' സുഖമാണല്ലോ ല്ലേ…! സുഖിക്കാന്‍ പോവുന്നതേ ഒള്ളൂ…! 22 ദിവസം കൂടെ കഴിഞ്ഞോട്ടെ….! സുഖിപ്പിക്കുന്നുണ്ട് ഞങ്ങള്‍ സാറന്മാരെ…!ഞങ്ങളുടെ പ്രിയപെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാന്‍ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാര്‍ഡ് ഒരെണ്ണം എടുത്തു വച്ചോ…! ഞങ്ങളെല്ലാം മറന്നെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ ഞങ്ങള്‍ മരിച്ചെന്നു ഉറപ്പ് വരുത്തണം…! ഞങ്ങളുടെ കണക്കു പുസ്തകത്തില്‍ രക്തം കൊണ്ടെഴുതിയിട്ടിരിക്കുന്ന കണക്കുകള്‍ ഒരുപാടുണ്ട്….! ആ കണക്കുകള്‍ ഒക്കെ നമുക്ക് തീര്‍ക്കേണ്ടേ 'സാറേ '???, അരുണ്‍ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും യുഡിഎഫ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ച സജീവമാണ്. ഇതിനിടെയാണ് നവകേരള യാത്രക്കിടെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച സംഭവം സൂചിപ്പിച്ച് ഭീഷണിയുമായി കെഎസ്‌യു നേതാവ് തന്നെ രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് അനുകൂല പേജുകളിലും സമാനമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Content Highlights: KSU Vice President Arun Rajendran threatens Chief Minister's security officer

To advertise here,contact us