തിരുവനന്തപുരം: ദീപിക പത്രത്തെയും ബിഷപ്പുമാരെയും പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും കടന്നാക്രമിച്ചത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്രിസ്മസിന് കേക്ക് നല്‍കുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്നത് ബിജെപിയുടെ ശൈലിയാണെന്നും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിക്കളയാം എന്ന രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കാഞ്ഞിരപ്പള്ളി, പാലാ രൂപതകള്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ല. ഭീഷണി കൊണ്ട് വരുതിക്ക് നിര്‍ത്താമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. വടക്കേ ഇന്ത്യയില്‍ കാണുന്ന പ്രത്യേക രോഗമാണിത്. ഉത്തരവാദിത്തമില്ലെങ്കില്‍ ബിജെപി തള്ളിപ്പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
'എല്ലാ പൗരന്മാര്ക്കും ജനാധിപത്യ അവകാശമുണ്ട്. അത് ബിഷപ്പുമാര്‍ ആണെങ്കിലും അങ്ങനെയാണ്. സഭാ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വം സഭ മേല്‍ അധ്യക്ഷന്‍മാര്‍ക്കുണ്ട്. അഭിപ്രായപ്രകടനം നടത്തിയാല്‍ അവരെ ഭീഷണിപ്പെടുത്തുന്ന തന്ത്രം വിലപ്പോകില്ല. പി സി ജോര്‍ജിന്റെ അഭിപ്രായം അത്തരത്തില്‍ ഒന്നായിരുന്നു', ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടായിട്ടുണ്ട്. യുഡിഎഫിന് നല്ല പിന്തുണയാണ് ലഭിച്ചത്. നല്ല ആത്മവിശ്വാസമുണ്ട്. മുഖ്യമന്ത്രിയുടെ കാര്യം തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡ് യുക്തമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും. പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്നാണ് പി സി ജോര്‍ജ് ആരോപിച്ചത്. മര്യാദ കേടാണ് കാണിച്ചതെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
'ദീപിക'യിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നുമായിരുന്നു ഷോൺ ജോർജ് ഇന്നലെ ആരോപിച്ചത്. സഭയുടെ മുഖപത്രം സഭയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടത്. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കരുത്. നിക്ഷേപകർ എഡിറ്റോറിയൽ പോളിസിയിൽ ഇടപെടുന്നുണ്ടോ എന്നറിയാൻ സഭയുടെ മക്കളായ ഞങ്ങൾക്കെല്ലാം അവകാശമുണ്ട്. സഭയുടെ ആശങ്കകൾ എല്ലാം ബിജെപി അംഗീകരിച്ചു. എന്നാൽ ദീപികയിൽ വരുന്നത് കോൺഗ്രസ് പരസ്യങ്ങളാണ്. പിതാക്കന്മാരുടെ ലേബലിൽ യുഡിഎഫിന് വേണ്ടി ചിലർ വിടുപണി ചെയ്യുകയാണ്. ദീപിക ഇത് നിർത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു.
Content Highlights: ramesh chennithala against p c george