പാലക്കാട്: കര്‍ണാടകയില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയുടെ വലത് ഭാഗത്ത് ഏറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. വീഴ്ച്ച മൂലമുണ്ടായ പരിക്കുകളാണെന്നും അസ്വാഭാവികതയൊന്നും ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീനന്ദയുടെ മൃതദേഹം രാവിലെ ഒൻപത് മണിയോട ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. പത്തുമണി വരെ പൊതുദർശനം ഉണ്ടാകും. പത്തരയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.
ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യൂപോയിൻ്റിന് താഴെ മരത്തിന് മുകളിൽ കുടുങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്.
പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് തിരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായയെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
ശ്രീനന്ദയുടെ മരണത്തില്‍ കുടുംബം ആദ്യം തന്നെ ദുരൂഹത ആരോപിച്ചിരുന്നു. കുട്ടിയെ കാണാതായ പ്രദേശത്ത് നിന്നല്ല മൃതദേഹം കിട്ടിയതെന്നാണ് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന് ശശി കുമാര്‍ പറഞ്ഞത്. ആ സ്ഥലത്ത് രണ്ട് മൂന്ന് തവണ തിരച്ചില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'കുട്ടിയെ കണ്ടെത്തിയ പ്രദേശത്ത് രണ്ട് മൂന്ന് തവണ തിരച്ചില്‍ നടത്തിയിരുന്നു. ഈ പറയുന്ന മേഖലയില്‍ ഞങ്ങള്‍ നേരിട്ട് തിരച്ചില്‍ നടത്തിയതാണ്. 300,400 അടി വരെ ഞങ്ങള്‍ ഇറങ്ങി പരിശോധിച്ചതാണ്. ആ പ്രദേശത്ത് വെച്ചല്ല കുട്ടിയെ കാണാതായത്. 150 മീറ്റര്‍ അപ്പുറത്ത് മറ്റൊരു മലയുടെ ചെരിവില്‍ വെച്ചാണ് കാണാതായത്. ഡോഗ് സ്ക്വാഡ് വന്നപ്പോഴും ഈ പ്രദേശത്തിന് നേരെ ഓപ്പസിറ്റായിട്ടാണ് പൊലീസ് നായ ഓടിയത്. കടയുടെ അടുത്ത് വരെ നായ മണം പിടിച്ച് വന്നിട്ടുണ്ട്', എന്നാണ് ശശി കുമാര്‍ പറഞ്ഞത്.
കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് അറിച്ചത്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ട നടപടി ക്രമങ്ങൾ ബന്ധുക്കളുടെയും കേരള പൊലീസിന്റെയും സാന്നിധ്യത്തിലാണ് നടത്തിയത്. മരണത്തിൻ്റെ ദുരൂഹത കണക്കിലെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കുമെന്നും അറിയിച്ചിരുന്നു.
Content Highlights: Nothing Unsual in Sreenanda's Death, Postmortem report out