കുറച്ച് നിയന്ത്രിക്കണമെന്ന് ഷിയാസിനോട് പറഞ്ഞിട്ടുണ്ട്: മുഖ്യമന്ത്രി എറണാകുളത്ത് നിന്നെന്ന പരാമർശത്തിൽ ഹൈബി ഈഡൻ

മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് പാർട്ടിക്ക് അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ടെന്ന് ഹൈബി ഈഡൻ പറഞ്ഞു.

എറണാകുളം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരാകും മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി ഹൈബി ഈഡൻ എം പി. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് പാർട്ടിക്ക് അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ടെന്ന് ഹൈബി ഈഡൻ പറഞ്ഞു. കേരളം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരുമെന്നും തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ തീരുമാനം വരുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എറണാകുളം ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോടെയാണ് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത്. എറണാകുളത്ത് നിന്നും മുഖ്യമന്ത്രി വരണമെന്നാണ് വി ഡി സതീശനെ ഉയർത്തിക്കാണിച്ച് മുഹമ്മദ് ഷിയാസ് പറഞ്ഞത്. ഇതേ കുറിച്ചും ഹൈബി ഈഡൻ പ്രതികരിച്ചു.

'ഷിയാസിനെ മാധ്യമങ്ങൾ പെടുത്തിയതാണ്. ഷിയാസിനൊരു ശൈലിയുണ്ട്. ജനപ്രതിനിധി ആകുമ്പോൾ ശ്രദ്ധിക്കണമെന്നും കുറച്ച് നിയന്ത്രിക്കണമെന്ന് ഷിയാസിനോട് പറഞ്ഞിട്ടുണ്ട്,' ഹൈബി ഈഡൻ പറഞ്ഞു. ഷിയാസിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോൺഗ്രസ് നേതാവും കായംകുളം സ്ഥാനാർത്ഥിയുമായ എം ലിജു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കെട്ടിടം കെട്ടിയ ശേഷം ഫർണീച്ചർ വാങ്ങിച്ചാൽ മതിയല്ലോ എന്നായിരുന്നു ശശി തരൂർ എം പി മുഖ്യമന്ത്രി ചർച്ചകളോട് പ്രതികരിച്ചത്.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരായിരുന്നു യുഡിഎഫില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നിരുന്നത്. പിന്നീട് കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായി വന്നേക്കാം എന്നുള്ള രീതിയിലുള്ള ചർച്ചകളും സജീവമായി. ഇവരെ പിന്തുണയ്ക്കുന്ന നേതാക്കളുടെ ഭാഗത്ത് നിന്നും പ്രസ്താവനകൾ വന്നതോടെ അണികളും ഗ്രൂപ്പ് തിരിഞ്ഞ് സോഷ്യൽ മീഡിയയിൽ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ ഇത്തരം ചർച്ചകൾ നടത്തുകയാണെങ്കിൽ അത് ജനങ്ങളിൽ മടുപ്പുണ്ടാക്കും എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് കോൺഗ്രസ്സ് നേതാക്കൾ പിന്തിരിയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളെ വേദനിപ്പിക്കാനും നിരാശരാക്കാനും ശ്രമിക്കരുത് എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ സി ജോസഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുതിർന്ന നേതാവ് വി എം സുധീരനും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസിന് ഒരു രീതിയുണ്ട് ആ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകും ഹൈക്കമാൻഡ് കൃത്യമായ തീരുമാനം എടുക്കും എന്നായിരുന്നു വി എം സുധീരന്റെ പ്രതികരണം.

Content Highlights: Hibi Eden responds to Muhammed Shiyas's comment about V D Satheeshan becoming Chief Minister

To advertise here,contact us