ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കും

ബന്ധുക്കളുടെയും കേരള പൊലീസിന്റെയും സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം

ബെംഗളൂരു: കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ചിക്കമഗളൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നുണ്ടാകും. രണ്ട് ഡോക്ടര്‍മാരെ ഇതിനായി നിയോഗിച്ചു. ബന്ധുക്കളുടെയും കേരള പൊലീസിന്റെയും സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. നടപടിക്രമങ്ങള്‍ പൂര്‍ണമായും ചിത്രീകരിക്കും.

കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. ഏപ്രില്‍ ഏഴിന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്.

പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് തെരച്ചില്‍ നടത്തിയത്.

Content Highlights: sreenanda who missed from bengaluru chikkamagaluru postmortem today

To advertise here,contact us