എന്ത് കിട്ടിയിട്ടാണ് സഭ ഈ വൃത്തികെട്ട പണി ചെയ്യുന്നത്, നാണം കെട്ടവര്‍:മെത്രാന്മാരെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും പി സി ജോര്‍ജ്

കോട്ടയം: കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ അധിക്ഷേപവുമായി ബിജെപി നേതാവ് പി സി ജോര്‍ജ്. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്ന് പി സി ജോര്‍ജ് പറഞ്ഞു. മര്യാദ കേടാണ് കാണിച്ചതെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കാഞ്ഞിരപ്പള്ളി ബിഷപ്പ് ഒരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷേ അയാള്‍ എന്താണ് ചെയ്തത്. മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞു. മര്യാദ കേടല്ലേ, സഭ എന്ന് പറഞ്ഞാല്‍ യുഡിഎഫാണോ. ഈ സഭയ്ക്ക് എന്തെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെ കൊണ്ടാണ്. എന്ത് കിട്ടിയിട്ടാണ് സഭ ഈ വൃത്തിക്കെട്ട പണി ചെയ്യുന്നത്. നാണം കെട്ടവര്‍. സഭയെ അല്ല മെത്രാന്മാരെയാണ് തള്ളി പറയേണ്ടത്. ബോധവും വിവരവും വേണ്ടേ. എന്തിനാണ് ഇവന്മാര് കുരയ്ക്കുന്നത്. ഈ കുര യുഡിഎഫിന് വേണ്ടിയാണ്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി കാണും. അവരോട് രാഷ്ട്രീയമായി ഇടപെടും. ഞാന്‍ വിശ്വാസിയാണ്. ഈ ഞാനാണ് മെത്രാന്മാര്‍ കാണിക്കുന്നത് പ്രോക്രിത്തരമാണെന്ന് പറയുന്നത്', പി സി ജോര്‍ജ് പറഞ്ഞു.

ദീപിക പത്രത്തിനെതിരെ വിമര്‍ശനവുമായി പി സി ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജും രംഗത്തെത്തി. ദീപികയിലെ ചില വ്യക്തികള്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ് എന്നും ഷോണ്‍ ജോര്‍ജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇതെല്ലാം നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നും സഭാ പിതാക്കന്മാരോട് താന്‍ പരാതി അറിയിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

സഭയുടെ മുഖപത്രം സഭയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടത് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കരുത്. നിക്ഷേപകര്‍ എഡിറ്റോറിയല്‍ പോളിസിയില്‍ ഇടപെടുന്നുണ്ടോ എന്നറിയാന്‍ സഭയുടെ മക്കളായ ഞങ്ങള്‍ക്കെല്ലാം അവകാശമുണ്ട്. സഭയുടെ ആശങ്കകള്‍ എല്ലാം ബിജെപി അംഗീകരിച്ചു. എന്നാല്‍ ദീപികയില്‍ വരുന്നത് കോണ്‍ഗ്രസ് പരസ്യങ്ങളാണ്. പിതാക്കന്മാരുടെ ലേബലില്‍ യുഡിഎഫിന് വേണ്ടി ചിലര്‍ വീടുപണി ചെയ്യുകയാണ്. ദീപിക ഇത് നിര്‍ത്തണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

എഫ്സിആര്‍എയില്‍ സഭയുടെ ആശങ്കകള്‍ ബിജെപി കേട്ടുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. അതുകൊണ്ടാണ് ബില്‍ മാറ്റിവെച്ചത്. ദേശീയ സുരക്ഷയെ ബാധിച്ച വിഷയത്തിലാണ് എഫ്സിആര്‍എ ബില്‍ കൊണ്ടുവന്നത്. അത് ഒരു മതത്തിന്റെ കാര്യമല്ല. നിയമഭേദഗതിയുടെ പേരില്‍ നടത്തുന്ന പ്രചാരണങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ദീപിക പത്രത്തിന്റെ ഫ്രണ്ട് പേജ് അമിത് ഷാ കണ്ടാല്‍ എന്തെങ്കിലും ആവശ്യവുമായി ഇനി അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാന്‍ പറ്റുമോ എന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു. ഇലക്ഷന്‍ സമയത്ത് ഈ പരിപാടി കാണിച്ചാല്‍ ഞങ്ങള്‍ എന്താണ് പാര്‍ട്ടിയില്‍ പറയേണ്ടത്. ബിജെപിക്ക് വോട്ട് ചെയ്യേണ്ട എന്ന് പച്ചയ്ക്കാണ് എഴുതിവെച്ചത്. ദീപികയ്ക്ക് പണത്തിന്റെ പ്രശ്‌നമാണ് ഉള്ളതെങ്കില്‍ പാലാക്കാര്‍ പിരിച്ചുകൊടുക്കാമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Content Highlights: P C George against bishops for they asked to vote UDF

To advertise here,contact us