ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് എൻഡിഎ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിൻവലിച്ചു

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് പ്രണേഷ് രാജേന്ദ്രന്റെ വിശദീകരണം

പാലക്കാട്: ചിറ്റൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം, വോട്ട് എല്‍ഡിഎഫിന് എന്നാണ് പ്രണേഷ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. രണ്ട് മുന്നണികളും ഒന്നാണെന്നും രണ്ടുപേര്‍ക്കുമുളള അജണ്ട ഒന്നാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷ് അച്യുതന്‍ പറഞ്ഞു. അതേസമയം, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് പ്രണേഷ് രാജേന്ദ്രന്റെ വിശദീകരണം.

'ജനാധിപത്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസിനെതിരെ ചിറ്റൂര്‍ തിരിച്ചടിക്കും. രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിക്കാന്‍ കഴിയില്ലെന്ന ബോധ്യമായപ്പോള്‍, തരംതാഴ്ന്ന വേലത്തരങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ചിറ്റൂരിലെ കോണ്‍ഗ്രസ് നേതൃത്വം. വടകരപ്പതി പഞ്ചായത്തിലെ വിവിധ ബൂത്തുകള്‍ക്ക് മുന്നില്‍ അപര സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പ്രചരിപ്പിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് അവരുടെ രാഷ്ട്രീയ ജീര്‍ണ്ണതയുടെ തെളിവാണ്' എന്നാണ് പ്രണേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

ജനങ്ങളോട് ഞങ്ങള്‍ക്ക് പറയാനുളളത്, അഡ്വ. വി മുരുകദാസിന്റെ ചിഹ്നമായ മോതിരത്തിന് പകരം സമാനമായ ചിഹ്നങ്ങള്‍ പ്രചരിപ്പിക്കുന്നത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനാണ്. തെരഞ്ഞെടുപ്പിന്റെ തലേന്ന് സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ഇത്തരം ഗുണ്ടാവിളയാട്ടങ്ങള്‍ ചിറ്റൂരിന്റെ ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണ്. നാടിന്റെ നന്മയും വികസനത്തുടര്‍ച്ചയും ആഗ്രഹിക്കുന്ന ചിറ്റൂരിലെ പ്രബുദ്ധരായ ജനത ഈ കുത്സിത നീക്കങ്ങള്‍ തളളിക്കളയും. നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്. നമ്മുടെ ചിഹ്നം മോതിരം. വോട്ട് എല്‍ഡിഎഫിന്- എന്നും പ്രണേഷിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. സംഭവം വിവാദമായതോടെ പ്രണേഷ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

Content Highlights: NDA candidate's Facebook post asking for votes for LDF candidate in Chittoor; withdrawn Later

To advertise here,contact us