'പണം നൽകിയത് ബന്ധുവെന്നാണ് ആദ്യം പറഞ്ഞത്, എന്നാൽ ആ അമ്മയ്ക്ക് അങ്ങനെയൊരു ബന്ധുവില്ല'; കോൺഗ്രസ് നേതാവ്

കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്

പാലക്കാട്: വയോധികയ്ക്ക് പണം നൽകിയ സ്ത്രീ ശോഭ സുരേന്ദ്രനൊപ്പം കാറിൽ ഉണ്ടായിരുന്നയാളെന്ന് കോൺഗ്രസ് നേതാവ് വിനേഷ് സർഗ. അവർ പാലക്കാടുകാരിയല്ല. പുറത്തുനിന്നാണ് അവർ വരുന്നത്. തങ്ങൾ ലൈംഗിക ചേഷ്ഠ കാണിച്ചു എന്ന ശോഭ സുരേന്ദ്രന്റെ ആരോപണം പണം കൊടുക്കുന്നത് കയ്യോടെ പിടിക്കപ്പെട്ടപ്പോൾ ഉള്ള ജാള്യത മൂലമാണെന്നും വിനേഷ് സർഗ പറഞ്ഞു.

കോൺഗ്രസ് അയച്ച സ്ത്രീയാണ് അവർ എന്ന ശോഭയുടെ ആരോപണത്തിനും വിനേഷ് സർഗയും കോൺഗ്രസ് പ്രവർത്തകരും മറുപടി നൽകി. പാലക്കാട് വിജയിക്കാൻ കോൺഗ്രസിന് ഇങ്ങനെ ചെയ്യേണ്ട കാര്യമില്ല. വാർഡിലൂടെ സഞ്ചരിക്കുമ്പോൾ അവിചാരിതമായാണ് ഇത്തരത്തിൽ ഒരു കാഴ്ച കണ്ടത്. പണം നൽകിയത് വീഡിയോ എടുത്തിട്ടുണ്ട് എന്ന് ശോഭയെ തങ്ങൾ അറിയിച്ചിരുന്നു. പിന്നീട് തങ്ങളോട് തർക്കിച്ചു. എന്തിനാണ് വീഡിയോ എടുക്കുന്നത് എന്ന് ചോദിച്ചു. പണം കൊടുത്തത് ചോദ്യം ചെയ്തപ്പോൾ ആ സ്ത്രീയുടെ ബന്ധുവാണ് ആ അമ്മ എന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ ആ അമ്മയ്ക്ക് അങ്ങനെ ഒരു ബന്ധുവില്ല എന്നും വിനേഷ് സർഗ പറഞ്ഞു.

ഇന്ന് രാവിലെയാണ് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ ഒരു വയോധികയ്ക്ക് പണം നല്‍കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Content Highlights: Congress leaders who recorded the video claim that the woman seen giving money to an elderly person was traveling in the same car as BJP leader Shobha Surendran. The allegation has intensified the political controversy, with opposition parties accusing BJP of voter bribery during the election period.

To advertise here,contact us