എടപ്പാള്‍: തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ ഭാര്യയും മക്കളും. വി എസ് ജോയിയുടെ രാഷ്ട്രീയ ഗുരുവായിരുന്നു വി വി പ്രകാശ്.
പ്രകാശിന്റെ ഭാര്യ സ്മിതയ്ക്കൊപ്പം മക്കളായ നന്ദിനി, നിള എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്. തവനൂര്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വി വി പ്രകാശ്. തവനൂരില്‍ ഇത്തവണ ശക്തമായ പോരാട്ടമാണ് ഒരുങ്ങുന്നത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ആണ് ഭരണം പിടിച്ചത്. ഈ അനുകൂല തരംഗത്തിലാണ് ജനകീയനായ ജോയിയെ രംഗത്തിറക്കി മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലേക്ക് യുഡിഎഫ് എത്തിയത്.
തവനൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫാണ്. 2020ല്‍ മൂന്ന് പഞ്ചായത്തുകളില്‍ മാത്രം ഭരണം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ഉണ്ടായിരുന്ന പഞ്ചായത്തുകള്‍ നിലനിര്‍ത്തുകയും ബാക്കി നാലെണ്ണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിലും തവനൂരില്‍ യുഡിഎഫാണ് മുന്നിലെത്തിയത്. 18,101 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നേടിയത്. കഴിഞ്ഞ തവണ ഫിറോസ് കുന്നുംപറമ്പിലുമായി ശക്തമായ മത്സരം നടന്നപ്പോഴും 2564 വോട്ടിന്റെ ഭൂരിപക്ഷം നേടാനായതിന്റെ ആത്മവിശ്വാസം സിപിഐഎമ്മിനുണ്ട്.
Content Highlights: The wife and children of late Congress leader VV Prakash at the election campaign of UDF candidate VS Joy in Tavanur