കായംകുളം: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ ഭൂരിപക്ഷ പ്രവചന മത്സരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് സെക്രട്ടറി ആകാശ് തഴയശ്ശേരിലിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭൂരിപക്ഷം ശരിയായി പ്രവചിക്കുന്നയാൾക്ക് 10,001 രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരുന്നത്.
ഫേസ്ബുക്ക് വഴിയാണ് ഈ പ്രവചന ചലഞ്ച് യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയത്. നിരവധിയാളുകൾ ഇതിന് കമന്റുമായി എത്തിയിട്ടമുണ്ട്. ഇതൊരു സാധാരണ ചലഞ്ച് അല്ല, നിങ്ങളുടെ രാഷ്ട്രീയ ബോധവും, മണ്ഡലത്തിന്റെ സാമൂഹിക - രാഷ്ട്രീയ അവബോധവും, വോട്ടർമാരുടെ മനോഭാവത്തെക്കുറിച്ചുള്ള നിങ്ങളുടെ കണക്കുകൂട്ടലും ഇവിടെ പരീക്ഷിക്കപ്പെടുകയാണെന്നും പോസ്റ്റിൽ ആകാശ് പറഞ്ഞിരുന്നു. ഇതിന് മൂ്ന്ന് നിബന്ധനകളും നൽകിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം കൃത്യമായ പ്രവചനം നടത്തിയ വ്യക്തിയെ പ്രഖ്യാപിച്ച് സമ്മാനം നൽകുകയും ചെയ്യുമെന്നും അറിയിച്ചിരുന്നു. മെയ് മൂന്നായിരുന്നു പ്രവചനത്തിനുള്ള അവസാന തീയതി. ഈ സാഹചര്യത്തിലാണ് ആകാശിനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം വാമനപുരം മണ്ഡലത്തിൽ യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വിവാദത്തിലായിരുന്നു. ലീഡ് ഉയർത്തുന്ന ബൂത്തിന് 5001 രൂപ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നു. യൂത്ത് കോൺഗ്രസ് പനവൂർ മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് വാഗ്ദാനം. യുഡിഎഫ് സ്ഥാനാർത്ഥി സുധീർഷാ പാലോടിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്തിനാണ് 5001 രൂപ വാഗ്ദാനം ചെയ്തത്. യൂത്ത് കോൺഗ്രസ് പനവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ദാദുഷ മണക്കാട്ടിൽ ആണ് വീഡിയോയിൽ പണം വാഗ്ദാനം ചെയ്യുന്നത്. സംഭവം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് സിപിഐഎം ആരോപിച്ചു.
Content Highlights: A case has been registered against a Youth Congress leader over a controversial cash reward announcement