'നിർഭയമായി തൊഴിലെടുക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം'; റിപ്പോർട്ടർ ബ്യൂറോക്ക് നേരെയുണ്ടായ ആക്രമണത്തിൽ KUWJ

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരാതിരിക്കാന്‍ കര്‍ശന നടപടി പൊലീസ് സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

കൊല്ലം: റിപ്പോര്‍ട്ടര്‍ ടിവി കൊല്ലം ബ്യൂറോക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കൊല്ലം ജില്ലാ കമ്മിറ്റി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

നിര്‍ഭയമായി തൊഴിലെടുക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തുടരാതിരിക്കാന്‍ കര്‍ശന നടപടി പൊലീസ് സ്വീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് അജ്ഞാതന്‍ ബ്യൂറോയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടക വസ്തു നിറഞ്ഞ ബിയര്‍ ബോട്ടിലാണ് ഓഫീസിലേക്ക് എറിഞ്ഞത്. പുലര്‍ച്ചെ 2.55 ഓടെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെയാണ് റിപ്പോര്‍ട്ടര്‍ സംഘം വിവരമറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. മുഖം മറച്ചെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Content Highlights: Kerala journalist union protest on attack towards Reporter kollam bureau

To advertise here,contact us