കൊച്ചിയില്‍ നിന്ന് കുടകില്‍ ട്രെക്കിംഗിനെത്തി; മലയാളി യുവതിയെ വനത്തിനുള്ളില്‍ കാണാതായി

ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്

ബെംഗളൂരു: കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥയായ ശരണ്യ ജി എസി(36)നെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.

ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ 2-ന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.

രാവിലെ 8.15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരു്നനില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേര്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടക്കുന്നത്. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ശരണ്യയുടെ സഹോദരന്‍ കുടകിലെത്തിയിട്ടുണ്ട്.

Content Highlights: malayali solo traveller got missing from kodagu

To advertise here,contact us