മലപ്പുറം: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂര്‍ബിന റഷീദുമായി ആത്മബന്ധമുണ്ടായിരുന്നുവെന്ന് കൂത്തുപറമ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയന്തി രാജന്. താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചാണ് താന്‍ ലീഗിന്റെ ദേശീയ ഭാരവാഹിത്വത്തിലെത്തിയതെന്ന് ജയന്തി രാജന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ലീഗില്‍ മുസ്ലിം അല്ലാത്ത ധാരാളം നേതാക്കളുണ്ട്. മതേതരത്വം തെളിയിക്കാനല്ല ദേശീയ ഭാരവാഹിയാക്കിയത്. ലീഗിന്റെ ജീവകാരുണ്യപ്രവര്‍ത്തനമാണ് ആകര്‍ഷിച്ചത്. സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ലീഗില്‍ പ്രത്യേക നിയന്ത്രണങ്ങളില്ല', ജയന്തി രാജന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നൂര്‍ബിന റഷീദ് രാജിവെച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ചായിരുന്നു രാജി. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി നേരത്തെ നൂര്‍ബിന രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്ലിയയെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതാണ്. അവരെല്ലാം സ്ഥിരമായി പാണക്കാട് വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് മലപ്പുറം ജില്ലയിലെ പലരും തനിക്ക് മെസേജ് അയച്ചു. ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും നൂര്‍ബിന ആരോപിച്ചിരുന്നു.
'ഒരുവിധത്തിലുള്ള ലൈംഗിക ആരോപണവും ഉന്നയിക്കാനുള്ള അവസരവും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ മൂന്ന് പെണ്‍കുട്ടികളെത്തി ഒരു സുപ്രഭാതത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചു. അതിക്രമം നേരിട്ടാല്‍ വീട്ടു വീഴ്ചയില്ലാതെ പോരാടണം. എന്നാല്‍ മടികൂടാതെ ആ കേസ് പിന്‍വലിച്ചു. എവിടെ പോയി ആദര്‍ശം. പുതിയ തലമുറ വഴിതെറ്റാന്‍ പാടില്ല. പുതിയ തലമുറയ്ക്ക് ഒരുനിയമം ഞങ്ങള്‍ക്ക് വേറെ നിയമം എന്നത് പറ്റില്ല', എന്നായിരുന്ന നൂര്‍ബിന റഷീദിന്റെ ആരോപണം.
'സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ പാര്‍ട്ടി നേതൃത്വവുമായി സംവദിച്ചു. ചില ആളുകള്‍ വരരുത് എന്ന് ആവശ്യപ്പെട്ടു. പക്ഷേ ഞങ്ങളെ കേട്ടില്ല. വനിതാ ലീഗിനെ അവഗണിച്ച് മതേതരത്വം പ്രകടിപ്പിച്ചു. അതിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ പ്രതികരിച്ചു. ലീഗിന് ദേശീയ തലത്തില്‍ ജംബോ കമ്മിറ്റി ഉണ്ടാക്കി. എന്നാല്‍ വനിതാ ലീഗിനെ പരിഗണിച്ചില്ല. വനിതാ ലീഗിന്റെ അയോഗ്യത എന്താണെ'ന്നും അവര്‍ ചോദിച്ചു.
Content Highlights: Koothuparamb UDF candidate and Muslim League leader Jayathi Rajan says about Noorbina Rasheed and says there is no limit for women to work in Muslim League