'ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപാത്ത്; ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

സുധാകരന്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയരുതെന്നും താന്‍ ചെയ്ത ഹീന പ്രവര്‍ത്തികള്‍ തങ്ങള്‍ക്കും പറയേണ്ടി വരുമെന്നും ജെയിംസ് സാമുവല്‍ പറഞ്ഞു.

ആലപ്പുഴ: ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്താണെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍. സുധാകരന്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയരുതെന്നും താന്‍ ചെയ്ത ഹീന പ്രവര്‍ത്തികള്‍ തങ്ങള്‍ക്കും പറയേണ്ടി വരുമെന്നും ജെയിംസ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.'ജി സുധാകരന് ആലപ്പുഴ ജില്ലയിലെ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എല്ലാം മോശപ്പെട്ടവരാണ്. വിദ്യാര്‍ത്ഥി യുവജനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം മദ്യപാനികള്‍ ആണെന്ന് പറഞ്ഞു ആക്ഷേപിക്കുന്ന പുതിയ രീതിയും ഇപ്പോള്‍ ശ്രീ ജി സുധാകരന്‍ സ്വീകരിക്കുകയാണ്. ശ്രീ ജി സുധാകരന്‍ നാലു പതിറ്റാണ്ടുകളോളം ജില്ലയുടെ നേതാവായി പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനത്ത് നേതൃത്വ നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുന്ന നിലയില്‍ ഒരു നേതാവിനെയും വളര്‍ത്തിയില്ല. ഒട്ടനവധിയായ വിദ്യാര്‍ത്ഥി യുവജന നേതാക്കളുടെ ഭാവി തന്നെ തകര്‍ത്തു കളഞ്ഞു. തനിക്ക് കീഴ്‌പ്പെടുന്ന വരും തന്റെ പെട്ടി താങ്ങുന്നവരും മാത്രം സിപിഐഎമ്മിലും വര്‍ഗ്ഗബഹുജന സംഘടനകളില്‍ മതി എന്ന നിലപാടാണ് സ്വീകരിച്ചത്. വിദ്യാര്‍ത്ഥി യുവജനരംഗത്ത് ശ്രീ ജി സുധാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന ആലപ്പുഴ ജില്ലയിലെ ഒരു നേതാവിന്റെ പേരെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ…??? എച്ച് സലാം, കെ ടി മാത്യു, മനു സി പുളിക്കല്‍, ആര്‍ രാഹുല്‍, അനസ് അലി ഇങ്ങനെ എടുത്തു പറയാന്‍ കഴിയുന്ന ഒട്ടനവധിയായി വരുന്ന നേതാക്കള്‍ വിദ്യാര്‍ത്ഥി യുവജന രംഗത്ത് സംസ്ഥാന നേതൃത്വ നിരയിലേക്ക് വരാന്‍ കഴിവുള്ളവരായിരുന്നു അവരെയെല്ലാം വെട്ടിയൊതുക്കിയത് തനിക്ക് മുകളില്‍ ആരും വരരുത് എന്നുള്ള ശ്രീ ജി സുധാകരന്റെ നിലപാടുകള്‍ ആയിരുന്നു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സഖാവ് സി എസ് സുജാതയും, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയിട്ടുള്ള സഖാവ് എം ശിവപ്രസാദും, സംസ്ഥാന നേതൃത്വ നിരയിലേക്ക് വന്നത് സഖാവ് സജി ചെറിയാന്‍ സംസ്ഥാന നേതാവായതിനുശേഷമാണ്. ശ്രീ ജി സുധാകരന്‍ ഇന്നും ആലപ്പുഴ ജില്ലയിലെ നേതാവായിരുന്നുവെങ്കില്‍ രണ്ടാളുകള്‍ക്കും സംസ്ഥാന ഭാരവാഹികള്‍ ആകാനുള്ള അവസരം ഉണ്ടാകുമായിരുന്നില്ല. വായില്‍ തോന്നുന്നത് വിളിച്ചു പറയുമ്പോള്‍ താന്‍ ചെയ്ത ഹീന പ്രവര്‍ത്തികളെ സംബന്ധിച്ച് ഞങ്ങള്‍ക്കും പറയേണ്ടി വരും. അത് അതൊക്കെ പറഞ്ഞാല്‍ തലയില്‍ മുണ്ട് ഇട്ട് നടക്കേണ്ടി വരും അത് ഓര്‍മ്മയുണ്ടാവണം. അധികാര കൊതി മൂത്ത് ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനെയും ബഹുജന സംഘടനാ നേതാക്കന്മാരെയും ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ശ്രീ ജി സുധാകരന്‍ ഒരു Political Psychopath ആണ്..', ജെയിംസ് സാമുവല്‍ പറഞ്ഞു.

Content Highlights: James Samuel strongly criticized G. Sudhakaran, calling him a “political psychopath.”

To advertise here,contact us