പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച 18കാ​ര​ൻ റിമാന്റില്‍

ഇ​ൻ​സ്റ്റ​ഗ്രാം, ടെ​ല​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് യു​വാ​വ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്

വയനാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച 18കാരൻ പിടിയിൽ. തരിയോട് സ്വദേശി യദു കൃഷ്ണയാണ് വയനാട് സൈബർ പൊലീസിൻ്റെ പിടിയിലായത്. ഇ​ൻ​സ്റ്റ​ഗ്രാം, ടെ​ല​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് യു​വാ​വ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. നേരത്തെ ഇ​തേ കു​റ്റ​ത്തി​ന് ഇ​യാ​ൾ പി​ടി​യി​ലാ​കു​ക​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നെന്ന് പൊലീസ് വ്യക്തമാക്കി. 2025 ഒ​ക്ടോ​ബ​റി​ലാ​ണ് തൻ്റെയും കൂ​ട്ടു​കാ​രി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ശ​മാ​യ രീ​തി​യി​ൽ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ആ​ദ്യ പ​രാ​തി വ​യ​നാ​ട് സൈ​ബ​ർ പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. പ​രാ​തി പ്ര​കാ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം നടത്തിയിരുന്നു. മു​ണ്ടേ​രി തിം​ഗ്സ് എ​ന്ന അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തിയിരുന്നു. അന്വേഷണത്തിൽ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് യ​ദു കൃ​ഷ്ണ​യാ​ണെ​ന്ന് പൊലീസ് ക​ണ്ടെ​ത്തി.

എ​ന്നാ​ൽ യ​ദു​വി​ന് അ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ മാ​താ​പി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. 2026 മാ​ർ​ച്ചി​ൽ ഇ​യാ​ൾ കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കു​ക​യും വീണ്ടും ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. മ​റ്റു ര​ണ്ട് ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യും ടെ​ല​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യു​മാ​ണ് വീ​ണ്ടും ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള ഫോ​ണ്‍ നമ്പർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​ത്. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റി​മാ​ൻ​റ് ചെ​യ്തു.

Content Highlights: 18-year-old remanded in custody for posting morphed images of girls

To advertise here,contact us