കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന ടി കെ ഗോവിന്ദനെതിരെ സഹോദരിയുടെ മകളെ ഇറക്കി സിപിഐഎം. പാർട്ടിയുടെ ഡമ്മി സ്ഥാനാർത്ഥിയായി ഗോവിന്ദന്റെ സഹോദരിയുടെ മകൾ ടി കെ സുലേഖ നാമനിദ്ദേശ പത്രിക സമർപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് നിലവിൽ സുലേഖ.
സിപിഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് സുലേഖ. 2000 മുതൽ 2010 വരെ ഭർത്താവ് കെ സി അനിൽകുമാർ മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാർച്ച് 21നാണ് സുലേഖ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്ന് സൂക്ഷ്മപരിശോധന ദിനമാണ്. അത് കഴിഞ്ഞാൽ പത്രിക പിൻവലിക്കും.
അതേസമയം, കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയും എത്തിയിരുന്നു. തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ ടി കെ ഗോവിന്ദനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മുന്‍ മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുന്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കൂടിയാണ് കെ പി രമണി.
കെ പി രമണിക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സിപിഐഎം. നടപടി ചർച്ച ചെയ്യാൻ ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി യോഗം വിളിച്ചുചേർത്തു. രമണിയെ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്നാണ് സൂചന.
ടി കെ ഗോവിന്ദനെ ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണക്കാനായി താനെത്തിയതെന്ന് കെ പി രമണി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. 'ടി കെ ഗോവിന്ദന് മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയില്‍ നടക്കുന്നു. ഞാന്‍ മാഷുടെ ചോറാണ് തിന്നുന്നത്, പാര്‍ട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വര്‍ഷമായി ഈ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ മാഷെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാന്‍ പറ്റിയില്ല', കെ പി രമണി പറഞ്ഞു. തന്നെ ആരും നിര്‍ബന്ധിച്ചിട്ടല്ല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വന്നതെന്നും സ്വമേധയാ ആണ് വന്നതെന്നും കെ പി രമണി വ്യക്തമാക്കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽക്ക് ഏറെ പ്രക്ഷുബ്ധമായ മണ്ഡലമാണ് തളിപ്പറമ്പ്. എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തി വ്യക്തമാക്കിയാണ് മുതിർന്ന സിപിഐഎം നേതാവായ ടി കെ ഗോവിന്ദന് പാര്‍ട്ടി വിട്ടത്. താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന് പറഞ്ഞു.
Content Highlights: CPI M fields T K Sulekha as dummy candidate against independent T K Govindan in Taliparamba constituency.