തൃശൂര്‍: കുന്നംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സി മൊയ്തീന്റെ പത്രികയില്‍ തര്‍ക്കം. ഭാര്യയുടെ കാര്‍ സംബന്ധിച്ച വിവരങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന തടസവാദം ഉന്നയിച്ചാണ് കോണ്‍ഗ്രസ് തര്‍ക്കമുണ്ടാക്കിയത്. പിന്നാലെ പത്രിക പിന്നീട് പരിഗണിക്കാനായി മാറ്റി വെച്ചു.
മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്റെ നാമനിര്‍ദ്ദേശപത്രികയും സൂക്ഷ്മപരിശോധനയ്ക്കായി മാറ്റി. പത്രികയില്‍ തെറ്റെന്ന ബിജെപിയുടെ പരാതിയെത്തുടര്‍ന്നാണ് പത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റിയത്. പ്രഭാകരന് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയതിലാണ് ബിജെപിക്ക് പരാതിയുള്ളത്. പത്രികയില്‍ കൂടുതല്‍ പരിശോധന നടത്തുകയാണ്.
നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്റെ പരാതിയില്‍ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചുവെന്നായിരുന്നു പരാതി. ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞായിരുന്നു പരാതി.
അതേസമയം അരുവിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നടന് വിവേക് ഗോപന്റെ പത്രിക അംഗീകരിച്ചു. പത്രിക നല്കുന്ന ദിവസം ബാങ്ക് പാസ്ബുക്ക് സമര്‍പ്പിച്ചിരുന്നില്ല. പിന്നീട് പാസ്ബുക്ക് സമര്‍പ്പിച്ചതോടെയാണ് തടസ്സം നീങ്ങിയത്. ഇന്ന് സൂക്ഷ്മപരിശോധനയില്‍ പത്രിക അംഗീകരിക്കുകയായിരുന്നു.
ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ നാമനിര്‍ദ്ദേശ പത്രികയും സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകരിച്ചു. എതിര് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എതിര്‍ത്തെങ്കിലും റിട്ടേണിങ് ഓഫീസര്‍ പത്രിക സ്വീകരിച്ചു. ശിക്ഷിച്ചാല്‍ മാത്രമേ പത്രിക സ്വീകരണത്തിന് തടസ്സമുള്ളൂവെന്ന് വരണാധികാരി അറിയിച്ചു.
Content Highlights: Kunnamkulam LDF candidate A C Moideen s nomination postponed