പത്തനംതിട്ട: മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പത്തനംതിട്ട കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് കുമ്മണ്ണൂര്‍ സാദിഖിനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി. കോന്നിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിനോടൊപ്പമുള്ള സാദിഖിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പെരുന്നാളിനോട് അനുബന്ധിച്ച് സാദിഖിന്റെ വീട്ടില്‍ കെ യു ജനീഷ് കുമാര്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ചിത്രങ്ങള്‍ പാര്‍ട്ടിക്കും മുന്നണിക്കും ക്ഷീണമാകും എന്നതിനാലാണ് നടപടിയെടുത്തതെന്നാണ് മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സമദ് മേപ്പുറത്ത് അറിയിച്ചത്.
ഇടത് സ്ഥാനാര്‍ത്ഥിയോടൊപ്പം ഉള്ള ചിത്രം പ്രചരിച്ചതിലാണ് നടപടിയെന്നും സ്ഥാനാര്‍ത്ഥി വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചതിന് അല്ലെന്നും സമദ് വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും നേതൃത്വം അറിയിച്ചു.
സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് പതിനഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറ് പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കാനായി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.
Content Highlights: The leadership took action against the Muslim League leader for circulating a picture with the LDF candidate