തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദൂതൻ എത്തിയെന്ന് ഫുട്ബോൾ ഇതിഹാസ താരം ഐ എം വിജയൻ. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിയും തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് ഐ എം വിജയൻ പറഞ്ഞു. ഒരു പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ പറ്റില്ല. മൂന്നു പാർട്ടിയുമായും ബന്ധമുള്ളതിനാൽ ഒരു പാർട്ടിയിലും ചേരില്ലെന്നും തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ലെന്നും ഐ എം വിജയൻ റിപ്പോർട്ടറിനോട് പറഞ്ഞു.
അതേസമയം രാജ്യസഭാംഗത്വം നൽകിയാൽ അത് സ്വീകരിക്കും. ഇത്തവണ എല്ലാ പാർട്ടിക്കാരും മത്സരിക്കാനായി തന്നെ സമീപിച്ചിട്ടുണ്ട്. അമിത് ഷാ പറഞ്ഞയച്ച ഒരാൾ തന്നെ കാണാനെത്തിയിരുന്നു. ബിജെപിയിൽ ചേരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ എല്ലാ പാർട്ടിയുമായും നല്ല ബന്ധമുണ്ടെങ്കിലും ഒന്നിനോടും അനുഭാവമില്ല. ഒരു പാർട്ടിയിലും പ്രത്യേകിച്ച് ചേരുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ഐ എം വിജയൻ പറഞ്ഞു.
അമിത് ഷാ പറഞ്ഞയച്ച ആൾ നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് പറഞ്ഞത്. തൃശ്ശൂരിൽ സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനവുമായി സുരേഷ് ഗോപിയും വിളിച്ചിരുന്നു. സ്പോർട്സിന്റെ പേരിൽ രാജ്യസഭാഗംഗത്വം ലഭിച്ചാൽ സ്വീകരിക്കും. അതിൽ പാർട്ടിനോക്കില്ല. സ്പോർട്സിനായി എന്തെങ്കിലും ചെയ്യാനായാൽ അത് വലിയ കാര്യമാണ്. അതിനെ കുറിച്ച് സുരേഷ് ഗോപിയോട് മുമ്പ് സംസാരിച്ചിരുന്നുവെന്നും ഐ എം വിജയൻ പറഞ്ഞു.
എല്ലാ പാർട്ടിക്കാരും തന്നെ സമീപിച്ചിട്ടുണ്ട്. തനിക്ക് എല്ലാവരും വേണം. ഫുട്ബോൾ കളിച്ച് കുറച്ചു പേരുണ്ട് അത് കളയേണ്ട. ഇനിയൊരു പാർട്ടിയിലും ചേരുന്നില്ല. കെ കരുണാകരനാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്ന് ഈ നിലയിലേക്ക് തന്റെ ജീവിതത്തെ മാറ്റിമറിച്ചത് അദ്ദേഹമാണെന്നും ഐ എം വിജയൻ പറഞ്ഞു.
Content Highlights: BJP offers seat to Footballer I M Vijayan, Amit Shah's envoy spoke to him