തൃശൂര്‍: നാട്ടിക മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എംഎൽഎയെ കോൺഗ്രസ് നേതൃത്വം ഡൽഹിയ്ക്ക് വിളിപ്പിച്ചു. സി സി മുകുന്ദന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. നാളെ കോൺഗ്രസ് നേതൃത്വവുമായി മുകുന്ദന് ചർച്ച നടത്തും.
നെടുമ്പാശേരിയിൽ നിന്നാണ് മുകുന്ദൻ വിമാന മാർഗം ഡൽഹിയ്ക്ക് പുറപ്പെട്ടത്. അർധരാത്രിയോടെ ഡൽഹിയിൽ എത്തും. അമ്പലപ്പുഴ മോഡൽ നാട്ടികയിലും വരാനാണ് സാധ്യത. കോൺഗ്രസിന്റെ പ്രാദേശിക വികാരം മറികടന്ന് മുകുന്ദന് സീറ്റ് നൽകാനാണ് നീക്കം. സി സി മുകുന്ദനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചർച്ചകള്‍ നടന്നുവരികയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ മുകുന്ദനുമായി ചർച്ച നടത്തും.
പേയ്മെൻ്റ് സീറ്റ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നാട്ടിക എംഎല്‍എയും നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ സിപിഐ പുറത്താക്കിയത്. മുകുന്ദന് നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് എന്നായിരുന്നു സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്.
അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാർട്ടി നടപടി സ്വീകരിച്ചു. തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തന്നെ ശ്രമിച്ചതാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്സിക്യുട്ടീവില്‍ നിന്ന് മാറ്റി. നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുകുന്ദനെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
മുൻ എംഎൽഎയായ ഗീത ഗോപിയാണ് നാട്ടികയിൽ ഇത്തവണ സിപിഐയുടെ സ്ഥാനാർത്ഥി. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്കാന് കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന് ആരോപിച്ചിരുന്നു.
Content Highlights: C C Mukundan Leaves for Delhi; Set to Hold Talks with Congress Leadership Tomorrow