കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം നടക്കാന്‍ പോകുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവമ്പാടി. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയും സാമുദായിക സമവാക്യങ്ങളാണ് ഇടതുമുന്നണിയെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്. എല്‍ഡിഎഫില്‍ സ്ഥിരമായി സിപിഎമ്മും യുഡിഎഫില്‍ മുസ്ലിം ലീഗും മത്സരിച്ച് വരുന്ന മണ്ഡലത്തില്‍ ഇത്തവണ ലീഗില്‍ നിന്നും സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ മുന്നണിയില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്.
1977 ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ 1987 വരെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായിരുന്നു വിജയിച്ചത്. 1991 ല്‍ ആദ്യമായി സീറ്റില്‍ മുസ്ലിം ലീഗ് വിജയിച്ചു. 2006 ല്‍ മത്തായി ചാക്കോ ഇടത് സ്ഥാനാർത്ഥിയായി വരുന്നത് വരെ മണ്ഡലം ലീഗിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു. മത്തായി ചാക്കോയുടെ വിയോഗത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോർജ് എം തോമസ് മണ്ഡലം നിലനിർത്തിയെങ്കിലും 2011 ല്‍ സി മോയിന്‍ കുട്ടിയിലൂടെ ലീഗ് മണ്ഡലം തിരിച്ച് പിടിച്ചു. എന്നാല്‍ 2016 ല്‍ ജോർജ് എം തോമസിലൂടേയും 2021 ല്‍ ലിന്റോ ജോസഫിലൂടെയും എല്‍ഡിഎഫ് മണ്ഡലം നിലനിർത്തി.
കഴിഞ്ഞ തവണ സി പി ചെറിയ മുഹമ്മദിനെതിരെ 4643 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ലിന്റോ ജോസഫിന്റെ വിജയം. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വന്‍ മേല്‍ക്കൈ നേടാന്‍ യുഡിഎഫിന് സാധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് 46556 വോട്ടിന്റേയും ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് 50298 വോട്ടിന്റേയും ഭൂരിപക്ഷമാണ് മണ്ഡലം യുഡിഎഫിന് നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുക്കം മുന്‍സിപ്പാലിറ്റിയും, കാരശ്ശേരി പഞ്ചായത്തും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ കൂടരഞ്ഞി, കൊടിയത്തൂർ, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് നേടി.
എല്‍ഡിഎഫ് ഇത്തവണയും ലിന്റോ ജോസഫിനെ തന്നെ സ്ഥാനാർത്ഥിയാക്കിയേക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. യുഡിഎഫില്‍ സീറ്റ് വെച്ചുമാറുന്ന കാര്യത്തിലെ ചർച്ചകള്‍ ഇപ്പോഴും സജീവമായിക്കൊണ്ടിരിക്കുകയാണ്. ലീഗില്‍ നിന്നും സീറ്റ് ഏറ്റെടുത്തും ഒരു ക്രിസ്ത്യന്‍ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാല്‍ തിരുവമ്പാടി പിടിക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതിനെതിരെ പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്നുള്ള എതിർപ്പ് ശക്തമാണ്.
സീറ്റ് ലീഗിന് തന്നെയാണെങ്കില്‍ സി കെ കാസിമിനായിരിക്കും പ്രഥമ പരിഗണന. മുന്‍ എംഎല്‍എ സി പി ചെറിയ മുഹമ്മദിന്റെ പേരും സജീവമായി ചർച്ചയിലുണ്ട്. മറിച്ച് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയ് തിരുവമ്പാടിയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയേക്കും. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ പേരും ചർച്ചയിലുണ്ട് പൊതു സ്വതന്ത്രരായി സിപി ജോണ്‍, ഗിരീഷ് ജോണ്‍ എന്നിവരുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. ബിജെപിയില്‍ നിന്ന് ഗിരീഷ് തേവള്ളി,ഷാന്‍ കട്ടിപ്പാറ എന്നിവരുടെ പേരുകളാണ് ഉയർന്ന് കേള്‍ക്കുന്നത്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം
തിരുവമ്പാടി നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചവർ
Content Highlights: Political discussions are ongoing regarding potential candidates from major parties for the Thiruvambady Assembly constituency in the upcoming Kerala elections