'വി എസിനെ കൂട്ടുപിടിച്ച് ഗോൾവാൾക്കറുടെ പടത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതിനെ മറയ്‌ക്കേണ്ട'

വി ഡി സതീശനെതിരെ എ സുരേഷിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ എത്തിയതിന് പിന്നാലെ വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് മുന്‍പ് സതീശനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് പറഞ്ഞ് വി എസിനെ സതീശന്‍ വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷിന്റെ കുറിപ്പ്. വി എസിനെ കൂട്ടുപിടിച്ചുകൊണ്ട് വി ഡി സതീശന്‍ ഗോള്‍വാള്‍ക്കറുടെ പടത്തിന് മുന്നില്‍ നിന്ന് വിളക്ക് കൊളുത്തിയതിനെ മറയ്ക്കാന്‍ നോക്കണ്ട എന്നായിരുന്നു സുരേഷ് അന്ന് കുറിപ്പില്‍ പറഞ്ഞത്. 2022 ജൂലൈ പതിനൊന്നിനായിരുന്നു സുരേഷ് ഈ കുറിപ്പ് പങ്കുവെച്ചത്.

ആര്‍എസ് എസ് വിരോധം പൊതുയോഗത്തില്‍ പ്രസംഗിക്കുകയും തെരഞ്ഞെടുപ്പ് ആവുമ്പോള്‍ രാത്രി തലയില്‍ മുണ്ടിട്ട് ആര്‍എസ്എസ് കാര്യാലയങ്ങളുടെ തിണ്ണ നിരങ്ങുന്ന കോണ്‍ഗ്രസ് പാരമ്പര്യമല്ല വി എസ് എന്ന കമ്മ്യൂണിസ്റ്റ്കാരന്റേത് എന്നെങ്കിലും മനസിലാക്കണമെന്നും സുരേഷ് കുറിപ്പില്‍ പറഞ്ഞിരുന്നു. വി എസ് പങ്കെടുത്ത പരിപാടിയെക്കുറിച്ചും സുരേഷ് കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

2013 മാര്‍ച്ച് പതിമൂന്നിന് തിരുവനന്തപുരം എകെജി സെന്ററിന് സമീപമുള്ള ഹസന്‍ മരക്കാര്‍ ഹാളില്‍ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച സ്വാമി വിവേകാനന്ദനെ കുറിച്ച് പി പരമേശ്വരന്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു വി എസ് പങ്കെടുത്തതെന്ന് സുരേഷ് പറയുന്നു. സുഗത കുമാരി കൂടി അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് വി എസ് ആ പരിപാടിയില്‍ പങ്കെടുത്തത്. അതൊരു ആര്‍എസ്എസ് പരിപാടി ആയിരുന്നില്ല. അന്ന് വി എസ് പ്രസംഗിച്ചത് സ്വാമി വിവേകാനന്ദനെ ഹൈജാക്ക് ചെയ്യാനുള്ള ആര്‍എസ്എസ് ശ്രമങ്ങളെ നിശ്ശിതമായി വിമര്‍ശിച്ചുകൊണ്ടും ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയെ തുറന്നു കാണിച്ചു കൊണ്ടുള്ളതുമായ പ്രസംഗമായിരുന്നുവെന്നും സുരേഷ് ചൂണ്ടിക്കാട്ടിയിരുന്നു. കമ്മ്യൂണിസ്റ്റുകാരെ ആഭ്യന്തര ശത്രുക്കള്‍ എന്നും രാജ്യ വിരുദ്ധരെന്നും പ്രഖ്യപിച്ച ഗോള്‍വാള്‍ക്കറേയും അദേഹത്തിന്റെ ആശയങ്ങളെയും കൂട്ടു പിടിക്കാന്‍ വി എസിനെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാരന് കഴിയില്ല എന്ന പ്രാഥമിക വിവരമെങ്കിലും കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് വേണമായിരുന്നുവെന്നും സുരേഷ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

എ സുരേഷിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആര്‍എസ്എസ് പരിപാടിയും സ വി എസ്സും

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന്റെ ഇന്നത്തെ പ്രസ്തവനയാണ് ഇതെഴുതാന്‍ പ്രേരണ. അതായത് സ വി എസ്സാണ് ആര്‍ എസ് എസ് പരിപാടിയില്‍ ആദ്യം പങ്കെടുത്തത് എന്നും അതിന് ശേഷമാണ് അദ്ദേഹം പങ്കടുത്തത് എന്നും കമ്മ്യൂണിസ്റ്റ്കാരാണ് ആര്‍എസ്എസ്സിനെ കൂട്ടു പിടിച്ചിട്ടുള്ളത് എന്നൊക്കെ…

ഇത് കണ്ട് സത്യം അറിയാന്‍ ചിലയാളുകള്‍ വിളിക്കുകയുണ്ടായി. അത് കൊണ്ടാണ് ഇത്തരം ഒരു കുറിപ്പ് എഴുതേണ്ടി വന്നത്. സ വി എസ്സിനെ കൂട്ട് പിടിച്ചുകൊണ്ട് ശ്രീ വി ഡി സതീശന്‍ ഗോള്‍വള്‍ക്കറുടെ പടത്തിനുമുന്നില്‍ നിന്നും വിളക്ക് കൊളുത്തിയതിനെ മറയ്ക്കാന്‍ നോക്കണ്ട. സ വി എസ്സിനെ ആര്‍ എസ് എസ്സിനെ കുറിച്ചും അതിന്റെ വര്‍ഗീയ സ്വഭാവത്തെ കുറിച്ചും പഠിപ്പിക്കാന്‍ ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരു കോണ്‍ഗ്രസുകാരനും ആയിട്ടില്ല. ആര്‍എസ്എസ് വിരോധം പൊതുയോഗത്തില്‍ പ്രസംഗിക്കുകയും തിരഞ്ഞെടുപ്പ് ആവുമ്പോള്‍ രാത്രി തലയില്‍ മുണ്ടിട്ടു ആര്‍എസ്എസ് കാര്യാലയങ്ങളുടെ തിണ്ണ നിരങ്ങുന്ന കോണ്‍ഗ്രസ് പാരമ്പര്യമല്ല സ വി എസ് എന്ന കമ്മ്യൂണിസ്റ്റ്കാരന്റേത് എന്നെങ്കിലും മനസിലാക്കുക. സ വി എസ് പങ്കെടുത്ത പരിപാടിയെ കുറിച്ചാണെങ്കില്‍ വിശദമായി തന്നെ പറയാം.

2013 മാര്‍ച്ച് 13.നാണ് പ്രസ്തുത പരിപാടി സ്ഥലം തിരുവനന്തപുരം എ കെ ജി സെന്ററിന് സമീപമുള്ള ഹസന്‍ മരക്കാര്‍ ഹാള്‍… സംഘടിപ്പിച്ചത് ഭാരതീയ വിചാര കേന്ദ്രം. സ്വാമി വിവേകാനന്ദനെ കുറിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍ എഴുതിയ കുറിപ്പുകള്‍ സമാഹരിച്ചുകൊണ്ട് ശ്രീ പി പരമേശ്വരന്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ് വേദി. സുഗത കുമാരി ടീച്ചര്‍ കൂടി നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടാണ് വി എസ് ആ പരിപാടിയില്‍ പങ്കെടുക്കുന്നത്. വേദിയില്‍ സുഗത കുമാരി ടീച്ചര്‍ ഉള്‍പ്പെടെയുള്ള വ്യക്തിത്വങ്ങള്‍. അതൊരു ആര്‍എസ്എസ് പരിപാടി ആയിരുന്നില്ല.അന്ന് സ വി എസ് പ്രസംഗിച്ചത് സ്വാമി വിവേകാനന്ദനെ ഹൈജാക്ക് ചെയ്യാനുള്ള ആര്‍എസ്എസ് ശ്രമങ്ങളെ നിശ്ശിതമായി വിമര്‍ശിച്ചുകൊണ്ടും ആര്‍ എസ് എസ്സിന്റെ വര്‍ഗീയ അജണ്ടയെ തുറന്നു കാണിച്ചു കൊണ്ടുള്ളതുമായ പ്രസംഗമായിരുന്നു.

കമ്മ്യൂണിസ്റ്റ്കാരെ ആഭ്യന്തര ശത്രുക്കള്‍ എന്നും രാജ്യ വിരുദ്ധരെന്നും പ്രഖ്യപിച്ച ഗോള്‍വാള്‍ക്കറേയും അദേഹത്തിന്റെ ആശയങ്ങളെയും കൂട്ടു പിടിക്കാന്‍ സ വി എസ്സിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ്കാരന് കഴിയില്ല എന്ന പ്രാഥമിക വിവരമെങ്കിലും കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് വേണമായിരുന്നു. വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം.

തിരുവനന്തപുരം

13-03-2013

വിവേകാനന്ദനും പ്രബുദ്ധകേരളവും

സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന ഗ്രന്ഥം ഏറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയതായി അറിയിക്കുന്നു. വിവേകാനന്ദനെക്കുറിച്ച് പല കാലഘട്ട ങ്ങളിലായി മലയാളത്തില്‍ എഴുതപ്പെട്ട ലേഖനങ്ങളും കവിതകളും മലയാളികള്‍ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുമെല്ലാം സംഘടിപ്പിച്ച് ഈ പുസ്തകം ഒരുക്കിയ ശ്രീ. പി.പരമേശ്വരനെ ഞാന്‍ അഭിനന്ദിക്കുന്നു. വിവേകാനന്ദനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് ഇതില്‍ സ്ഥാനം നല്‍കിയിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെയും ശ്രീ. പി.പരമേശ്വരന്റെയും വീക്ഷണത്തിലു ള്ള വിവേകാനന്ദനെ മാത്രമല്ല, മറിച്ചുള്ള വീക്ഷണത്തിലുള്ള വിവേകാനന്ദനെയും ഈ പുസ്തകത്തില്‍ കാണാം.

സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികവും അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിന്റെ നൂറ്റിരുപത്തൊന്നാം വാര്‍ഷികവുമാണിത്. ജാതിവിവേചനത്തി ന്റെയും അനാചാരങ്ങളുടെയും ഒരു ഭ്രാന്താലയമാണ് കേരളം എന്ന് സ്വന്തം അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് 121 വര്‍ഷം മുമ്പ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വെറുതെ അഭിപ്രായം പറയുകയല്ല, നിശിതമായി ആക്ഷേപിക്കുകയും ഈ അവസ്ഥയില്‍ നിന്ന് മലബാറുകാര്‍ അഥവാ കേരളീയര്‍ മാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതര ഇന്ത്യക്കാര്‍ അവരെ വെറുപ്പോടെയേ കാണാവൂ എന്നുവരെ അദ്ദേഹം പറയുകയുണ്ടായി.

മൈസൂരില്‍ ഡോക്ടര്‍ പല്‍പ്പുവിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സ്വാമിയോട് പല്‍പ്പു കേരളത്തിന്റെ സാമൂഹ്യ ദുരവസ്ഥ ബോധ്യപ്പെടു ത്തുകയുണ്ടായി. പിന്നീട് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രത്തിലെത്തിയ വിവേകാനന്ദന് ജാതി പറയാന്‍ തയ്യാറല്ലാത്തതിനാല്‍ അവിടെ പ്രവേശനം ലഭിച്ചില്ല. ജാതിരാക്ഷസന്റെ ക്രൂരത നേരിട്ട് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ സംഘടിത ശ്രമം വേണമെന്നും അതിന് ഒരു ആധ്യാത്മിക ഉള്ളടക്കം വേണമെന്നും ഡോക്ടര്‍ പല്പുവിനെ ഉപദേശിച്ചത് സ്വാമി വിവേകാനന്ദനാണ്. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന് തുടക്കംകുറിക്കാന്‍ നേതൃത്വം നല്‍കുന്നതിന് ഡോക്ടര്‍ പല്‍പ്പുവിന്റെ പ്രചോദനം അതാണ്. ബംഗാളില്‍ വിദ്യാഭ്യാസം നടത്തിയ കുമാരനാശാനാകട്ടെ, വിവേകാനന്ദ തത്വങ്ങളില്‍ ഏറെ ആകൃഷ്ടനായിരുന്നു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സന്ദേശം നല്‍കി ക്കൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തി നാലാണ്ടിനുശേഷമാണ് വിവേകാനന്ദന്‍ കേരളത്തില്‍ വരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ഡോക്ടര്‍ പല്‍പ്പുവും കുമാരനാശാനും ചേര്‍ന്ന് എസ്.എന്‍.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന് രൂപംനല്‍കിയതില്‍ വിവേകാനന്ദന്റെ പ്രചോദനം വളരെ വലുതാണെന്നാണ് സൂചിപ്പിക്കുന്നത്. യോഗത്തിന്റെ മുഖപത്രത്തിന്റെ പേര് വിവേകോദയം എന്നായതും യാദൃഛികമല്ല. ഇവിടെ പ്രകാശനം ചെയ്ത പുസ്തക ത്തില്‍ കവിതകളും ലേഖനവുമായി കുമാരനാശാന്റെ നാലോ അഞ്ചോ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ശ്രീ. പി.പരമേശ്വരനും ഭാരതീയവിചാരകേന്ദ്രവും സംഘപരിവാറും വിവേകാനന്ദനെ ഒരു സങ്കുചിത അറയില്‍ അടക്കാനാണ് ശ്രമിച്ചുപോന്നിട്ടുള്ളത്. ഇപ്പോള്‍ സംഘപരിവാര്‍, ഹിന്ദുത്വത്തിന്റെ ആചാര്യനാണ് സ്വാമി എന്ന സങ്കുചിത അവകാശവാദം ഉന്നയിക്കുന്നു. സംശയമില്ല, ഹിന്ദുമതത്തിന്റെ ഏകോപനത്തിനും നവീകരണത്തിനും വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ജീവിത നിഷേധിയായ ആത്മീയവാദത്തിനും ഹിന്ദുമതത്തിലെ വര്‍ണാശ്രമചൂഷണത്തിനും അനീതിക്കുമെതിരെ ആഞ്ഞടിക്കാന്‍ തയ്യാറായി എന്നതാണ് സ്വാമി വിവേകാനന്ദന്റെ മഹത്വം. ഈശ്വരനല്ല, മനുഷ്യനായിരുന്നു വിവേകാനന്ദന്റെ പ്രഥമ പരിഗണനാവിഷയം. പട്ടിണി കിടക്കുന്ന മനുഷ്യരുടെ നേര്‍ക്ക് മതം നീട്ടി കാണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടി. ആത്മാവിന്റെ ദാരിദ്ര്യ ത്തെക്കുറിച്ച് പ്രസംഗിക്കുന്ന സന്യാസിമാരോട് അദ്ദേഹം ചോദിച്ചത് അവരുടെ യഥാര്‍ഥ വിശപ്പ് മാറ്റാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നാണ്.

പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും അവരെ അഭ്യസ്തവിദ്യരാക്കാനും അങ്ങനെ നമ്മുടെ ചുറ്റുപാടുമുള്ള കഷ്ടപ്പാടുകളെ ദുരീകരിക്കാനുമുളള ശക്തി ഉണ്ടാക്കിത്തരുന്ന ഒരു മതമാണ് നമുക്ക് വേണ്ടത്. നിങ്ങള്‍ക്ക് ദൈവത്തെ കാണണമെന്നുണ്ടെങ്കില്‍ മനുഷ്യനെ സേവിക്കുക - അതായിരുന്നു വിവേകാനന്ദന്റെ തത്വം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് യൂറോപ്പില്‍ പ്രചാരം സിദ്ധിച്ചുവന്ന നൂതനാശയങ്ങള്‍ സ്വാംശീകരിക്കാനും വിവേകാനന്ദന് കഴിഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്തു. ''ശൂദ്രന് പ്രാധാന്യം ലഭിക്കുന്ന ഒരുകാലം വരും. ശൂദ്രന്റെതായ ധര്‍മ്മ കര്‍മങ്ങളോടൊപ്പം എല്ലായിടത്തും ശൂദ്രന്മാര്‍ സമൂദായത്തില്‍ മേധാവിത്വം നേടും. അതിന്റെ പ്രാരംഭങ്ങളാണ് പാശ്ചാത്യലോകത്തില്‍ മെല്ലെ മെല്ലെ ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലാഫലങ്ങളെക്കുറിച്ച് എല്ലാവരും വ്യാകുലരാണ്. ഈ വിപ്ലവത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് സോഷ്യലിസം''- എന്ന് വിവേകാന്ദന്‍ ചൂണ്ടിക്കാട്ടിയത് സോഷ്യലിസത്തെക്കുറിച്ച് ഇന്ത്യയില്‍ മറ്റാരും സംസാരിക്കുന്നതിനു മുമ്പാണ്. വിവിധ ജാതി-മത വിശ്വാസികളായ പാവങ്ങളെ, പ്രോലിറ്റേറിയറ്റി നെയാണ് ശൂദ്രന്മാര്‍ എന്ന് അദ്ദേഹം വിവക്ഷിച്ചത്.

തൊഴിലാളികള്‍ പ്രവൃത്തി നിര്‍ത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഭക്ഷണം, തുണി മുതലായതു കിട്ടുന്നത് നില്‍ക്കും. എന്നിട്ടും നിങ്ങള്‍ അവരെ താണവരായി കണക്കാക്കുകയും നിങ്ങളുടെ സംസ്‌ക്കാരം ഉന്നതമെന്നവകാശപ്പെട്ട് അഹങ്കരിക്കു കയും ചെയ്യുന്നു എന്ന് സവര്‍ണരും ധനികരുമായ ചൂഷകരെ കുറ്റപ്പെടുത്തുകയും ചൂഷണത്തിനിരയാകുന്ന താണവര്‍ഗക്കാര്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ ഐക്യമുന്നണി രൂപീകരിച്ചുകൊണ്ടിരിക്കുക യാണെന്നും, ഉയര്‍ന്ന വര്‍ഗക്കാര്‍ക്ക് ഇനിമേലില്‍ എത്ര തന്നെ ശ്രമിച്ചാലും താഴ്ന്ന വര്‍ഗക്കാരെ അമര്‍ത്തിവെക്കാന്‍ സാധിക്കുകയില്ലെന്നും വിവേകാനന്ദന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

ഇന്ത്യയില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെടുക പോലും ചെയ്യുന്നതിന് മുന്‍പാണ് സ്വാമി വിവേകാനന്ദന്‍ തൊഴിലാളിവര്‍ഗത്തിന്റെ അജയ്യതയെ ക്കുറിച്ച് പ്രഖ്യാപനം ചെയ്തത്. മതപരമായ സങ്കുചിത അറയില്‍ തളച്ചിടാവുന്ന വ്യക്തിത്വമല്ല വിവേകാനന്ദന്റേത്. മനുഷ്യസ്നേഹത്തിന്റെയും മാനവ ഐക്യത്തി ന്റെയും സ്ഥിതി സമത്വത്തിന്റെയും അജയ്യമായ മനുഷ്യമുന്നേറ്റത്തിന്റെയും പ്രതീകങ്ങ ളിലൊന്നാ ണ് വിവേകാനന്ദന്‍. വിവേകാനന്ദനെ സാംസ്‌കാരിക ദേശീയതയു ടെയും ഇപ്പോഴത്തെ അര്‍ഥ ത്തിലുളള ഹിന്ദുത്വത്തിന്റെയും പ്രതീകമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുന്നതിന് ഈ പുസ്തകത്തിന്റെ ശരിയായ പഠനം സഹായകമാകുമെന്ന് കരുതുന്നു.

ഇന്നലെയായിരുന്നു പുതുയുഗ യാത്രയില്‍ എ സുരേഷ് പങ്കെടുത്തത്. പുതുയുഗ യാത്ര പാലക്കാട് എത്തിയപ്പോഴായിരുന്നു സുരേഷ് പങ്കെടുത്തത്. വി ഡി സതീശന്‍ തന്നെയാണ് സുരേഷിനെ ഷോള്‍ അണിയിച്ച് സ്വീകരിച്ചത്. സദസിനെ അഭിസംബോധന ചെയ്ത സുരേഷ്, ഇടതുപക്ഷം ഇടതുപക്ഷമല്ലാതായെന്ന് തുറന്നടിച്ചിരുന്നു. വി എസിന് നല്‍കിയ ക്യാപിറ്റല്‍ പണിഷ്‌മെന്റ് തനിക്ക് ലഭിച്ചുവെന്നും സുരേഷ് പറഞ്ഞിരുന്നു. ഇടതുപക്ഷ മൂല്യം കേരളത്തില്‍ ഉയര്‍പ്പിടിക്കുന്നത് യുഡിഎഫാണെന്നും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ അസംതൃപ്തരാണെന്നും സുരേഷ് പറഞ്ഞിരുന്നു.

2013ല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി എന്ന കുറ്റം ചുമത്തി സുരേഷിനെ സിപിഐഎം പുറത്താക്കിയിരുന്നു. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന ചോദ്യവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് എ സുരേഷ് തുറന്ന കത്തെഴുതിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും എന്നാല്‍ ഇക്കാലയളവിലും താന്‍ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും സുരേഷ് കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനോട് സുരേഷ് അടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നത്.

Content Highlights- An old Facebook post by A Suresh criticizing V D Satheesan has resurfaced and is now being widely discussed in political circles.

To advertise here,contact us