തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാന്‍ തീരുമാനിച്ച് കെപിസിസി നിര്‍വാഹക സമിതി യോഗം. ഇതിന്റെ ഭാഗമായി വീണ്ടും ഭവനസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടുകള്‍ കയറുക.
20മുതല്‍ 28വരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറുക. നേതാക്കളും ഭവനസന്ദര്‍ശനത്തിന്റെ ഭാഗമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും.
അന്തിമ വോട്ടര്‍ പട്ടിക സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളോട് കെപിസിസി നിര്‍ദ്ദേശിച്ചു. എസ്ഐആറില്‍ പുറത്തായവരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടുന്നതില്‍ സംസ്ഥാന വ്യാപകമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ കാണിച്ച ജാഗ്രത വലിയ വിജയമായെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു.
സ്ഥാനാര്‍ത്ഥിയാകാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ലെന്ന് നേതൃയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ താക്കീത് നല്കി. മാധ്യമങ്ങളില്‍ അനാവശ്യമായി ചര്‍ച്ചകള്‍ ഉണ്ടാക്കരുതെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്കി.മാധ്യമങ്ങളില്‍ പേര് വരുത്തുന്നവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
തോറ്റാല്‍ പിന്നീട് പരിഗണിക്കില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. പരാജയപ്പെടുന്നവരെ കോര്‍പ്പറേഷനില്‍ പോലും പരിഗണിക്കില്ലെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്കി. സ്ഥാനാര്‍ത്ഥിത്വത്തിന് പിടിവലി ശക്തമായ സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ ഈ മുന്നറിയിപ്പ്.
കെ സി വേണുഗോപാലിനെ അഭിനവ പട്ടേല്‍ ആക്കാന്‍ നോക്കുന്നവരുടെ തല പരിശോധിക്കണമെന്ന മണിശങ്കര്‍ അയ്യരുടെ വാക്കുകളോട് യോഗത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കൂടുതല്‍ ഒന്നും പറയാനില്ല. രാഹുല്‍ ഗാന്ധിയുടെ ഗുണ്ട എന്നാണോ കരുതുന്നത് എങ്കില്‍ അങ്ങനെ കരുതിക്കോയെന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.
എല്ലാവര്ക്കും സ്പേസ് ഉള്ള സാഹചര്യം കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ഉണ്ടാകും. അവസരങ്ങള്‍ എല്ലാവരിലേക്കും എത്തണം. വിവിധ വിഭാഗങ്ങളില്‍ എല്ലാവരുമായി ചര്‍ച്ച നടക്കുന്നു. കേരളത്തില്‍ പിആര്‍ കൊണ്ട് ജീവിക്കുന്ന ആള് മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ വിലക്കയറ്റം ഒരു തെരഞ്ഞെടുപ്പ് വിഷയമാണ്. അത് തെരഞ്ഞെടുപ്പ് ക്യാമ്പയിന് ആണ്. അതിനാണ് വീടുകളില്‍ പോയത്. അത് എങ്ങനെ പി ആര് ആകും. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ആകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Content Highlights: The Indian National Congress has decided to conduct a statewide house visit campaign as part of its grassroots outreach and election preparations.