ജവഹർ നഗർ ഭൂമി തട്ടിപ്പ് കേസ്; സബ് രജിസ്ട്രാർ അറസ്റ്റിൽ, രേഖകളിൽ കൃത്രിമം നടത്താൻ ഒത്താശ ചെയ്തുവെന്ന് കണ്ടെത്തൽ

ശാസ്തമംഗലം സബ് രജിസ്ട്രാർ ലക്ഷ്മിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: ജവഹർ നഗർ ഭൂമി തട്ടിപ്പ് കേസിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. ശാസ്തമംഗലം സബ് രജിസ്ട്രാർ ലക്ഷ്മിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂമി തട്ടിപ്പിന് രേഖകളിൽ കൃത്രിമം നടത്താൻ സബ് രജിസ്ട്രാർ ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തൽ.

വിദേശത്ത് താമസിക്കുന്ന മലയാളിയായ സ്ത്രീയുടെ പേരിൽ കവടിയാർ ജവഹർ നഗറിലുള്ള കോടികളുടെ വസ്തുവും വീടും ആൾമാറാട്ടവും വ്യാജ രേഖയും ചമച്ച് കൈക്കലാക്കി അത് മറിച്ചുവിറ്റു എന്നതാണ് കേസ്. വളർത്തുമകളെന്ന പേരിൽ ആൾമാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്. മുൻ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനടക്കം പ്രതിയായ കേസാണിത്. കേസിൽ മുഖ്യകണ്ണിയായ വ്യവസായി അനിൽ തമ്പി ഇക്കഴിഞ്ഞ ഒക്ടോബറിൽ പിടിയിലായിരുന്നു.

മണികണ്ഠനെ കൂട്ടുപിടിച്ച് അനിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത് എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. വ്യാജരേഖ ചമച്ച് തട്ടിയെടുത്ത വീടും സ്ഥലവും അനിൽ തമ്പിയുടെ ബന്ധുവിന്റെ പേരിലേക്കാണ് മാറ്റിയിരുന്നത്. തട്ടിയെടുത്ത വീടിന് സമീപമായിരുന്നു അനിലിന്റെ താമസം. ഈ വീട്ടിലേക്ക് ആരും വരുന്നില്ലെന്ന് കണ്ടാണ് ഇവർ തട്ടിപ്പ് നടത്തിയത്.

Content Highlights: Sub-registrar arrested in Jawahar land scam case in thiruvananthapuram

To advertise here,contact us