തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷ്ണപ്രിയത്തെ കുറിച്ച് താൻ നടത്തിയ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരൻ. പറഞ്ഞതൊന്നും നിഷേധിക്കുന്നില്ല. പിണറായി വിജയന്റെ കൂടെ ജാഥയുടെ വൈസ് ക്യാപ്റ്റനായി ഉണ്ടായിരുന്ന ആളാണ് താൻ. അദ്ദേഹത്തിനൊപ്പം രാവും പകലും താൻ ഉണ്ടായിരുന്നു. തന്റെ ആഹാര രീതി അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആഹാര രീതി തനിക്കുമറിയാം. ഇതൊരു കൗതുക വാർത്ത ആയാണ് പറഞ്ഞത്. അത് ഇങ്ങനെ വിവാദമാക്കേണ്ട കാര്യമില്ല. തനിക്കുണ്ടായ അനുഭവമാണ് പറഞ്ഞതെന്നും ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് മീൻ ഇഷ്ടപ്പെടാത്തതുമൂലം പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ഒന്നാം ക്ലാസ് മീനുകൾ മാത്രമേ അദ്ദേഹം കഴിക്കുകയുള്ളൂവെന്നുമായിരുന്നു സി ദിവാകരന്റെ പരാമർശം. ആനത്തലവട്ടം ആനന്ദൻ വി എസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
അതേസമയം വിഷയം ചർച്ചയായതോടെ മന്ത്രി ശിവൻകുട്ടി പ്രതികരിച്ച് രംഗത്തെത്തി. ചില ആളുകൾക്ക് ചില മീനുകളായിരിക്കും ഇഷ്ടം, അതിന് എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ല. ദിവാകരന്റെ പ്രതികരണം ഓർമക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ആകുമ്പോൾ എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം പിണറായി വിജയൻ ഒരു തവണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും സന്തോഷത്തോടെ യാത്ര പറഞ്ഞാണ് പോയതെന്നും ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. നേതാക്കളും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം പലപ്പോഴും വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇതൊന്നും പറയാൻ വിചാരിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Former minister and CPI leader C Divakaran says his remarks about Chief Minister Pinarayi Vijayan's food habit should not be made controversial