തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേന്ദ്രസർക്കാരിനെയും ധനമന്ത്രി നിർമലാ സീതാരാമനെയും രൂക്ഷമായി വിമർശിച്ച് മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. ബിജെപിയുടെ വികസന ഭാരതത്തിന് നിർമലാ സീതാരാമന്റെ 2026-27 ബജറ്റ് മറുപടി നൽകുമെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമയെ മാത്രം കിട്ടി. കടലാമകളെ കാണാൻ കേരളത്തിലേക്ക് ഇനി എത്ര ടൂറിസ്റ്റുകളാണ് വരാൻ പോകുന്നതെന്ന് തോമസ് ഐസക് പരിഹസിച്ചു.
രാജ്യത്തിൻ്റെ വളർച്ച കൂട്ടാനേ ധനമന്ത്രിക്ക് ലക്ഷ്യമുള്ളൂ. അതിൻ്റെ നേട്ടം ജനങ്ങൾക്ക് ലഭിക്കണമെന്നില്ല. സാധാരണക്കാരുടെ പ്രശ്നങ്ങളോട് കേന്ദ്രം മുഖം തിരിക്കുകയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് കേന്ദ്രസർക്കാരിൻ്റെ നികുതി വരുമാനത്തിൽ 2025-26ൽ 1.6 ലക്ഷം കോടി രൂപയുടെ കുറവുണ്ട്. ഇത്തരം സഹചര്യം നിലനിൽക്കെ എങ്ങനെയാണ് ധനകമ്മി പിടിച്ചു നിർത്താൻ സാധിക്കുകയെന്ന് തോമസ് ഐസക് ചോദിച്ചു. ധനകമ്മി നിയന്ത്രിക്കാൻ ചെലവ് വെട്ടിചുരുക്കുന്ന നിലപാടാണ് ധനമന്ത്രി ലക്ഷ്യം വെക്കുന്നത്. ഇത് സാധരണക്കാരുടെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക്ഷേമം, കൃഷി., ഗ്രാമവികസനം, നഗരവികസനം, പട്ടികജാതി-പട്ടികവർഗ വികസനം തുടങ്ങി വിവിധ പദ്ധതികളുടെ ചെലവ് വൻ തോതിൽ വെട്ടിക്കുറച്ചിരിക്കുകയാണ്. ചെലവ് ശോഷിപ്പിച്ചുകൊണ്ട് മാത്രമാണ് സാമ്പത്തിക വളർച്ച ലക്ഷ്യംവെക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. സംസ്ഥാനങ്ങൾക്ക് വിവിധ ഇനങ്ങളിൽ നൽകുന്ന കേന്ദ്ര സഹായത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ കുറവുണ്ട്. ജിഎസ്ടി വരുമാനം ഇടിയുകയും തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം സംസ്ഥാന സർക്കാരുകളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്ത ഈ വർഷം തന്നെയാണ് സംസ്ഥാന വിഹിതം കുറച്ചതെന്നും അദേഹം വിമർശിച്ചു.
കേരളത്തിന്റെ നികുതി വിഹിതത്തിൽ 1.9 ശതമാനത്തിൽ നിന്ന് ഏതാണ്ട് 0.4 ശതമാനം വർധനയുണ്ടായിട്ടും റവന്യൂ കമ്മി ഗ്രാന്റില്ലെന്നത് വലിയ തിരിച്ചടിയാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരസഭ പിടിച്ചുകഴിഞ്ഞാൽ അവിടെ എന്തൊക്കെയോ ചെയ്യുമെന്ന് പറഞ്ഞവർ വിഴിഞ്ഞത്തെക്കുറിച്ചുപോലും ബജറ്റിൽ പരാമർശിച്ചില്ല. അതിവേഗ റെയിൽപ്പാത പോലുമില്ലാത്തെ കേരളത്തെ അവഗണിച്ചു. ആകെ കേരളത്തിന് നൽകിയത് ധാതു ഇടനാഴി മാത്രമാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ബിജെപിയുടെ വികസിത ഭാരതം എങ്ങനെയിരിക്കും? നിർമ്മലാ സീതാരാമന്റെ 2026-27-ലേക്കുള്ള ബജറ്റ് മറുപടി തരും. എന്തുവന്നാലും വളർച്ച കൂട്ടണം. പക്ഷേ, അതിന്റെ നേട്ടം ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഒരു വാശിയുമില്ല. മറിച്ച് സാധാരണക്കാരുടെ പ്രശ്നങ്ങളോട് ബജറ്റ് മുഖംതിരിക്കുന്നു.
നിയോലിബറൽ ഇന്ത്യയിൽ സാമ്പത്തിക സുസ്ഥിരതയുടെയും വളർച്ചയുടെയും മുഖ്യസ്രോതസ് വിദേശമൂലധനത്തിന്റെ ഇന്ത്യയിലേക്കുള്ള ഒഴുക്കാണ്. എന്നാൽ 2025-26-ൽ ഇന്ത്യയിലേക്ക് വരുന്നതിനേക്കാൾ വേഗതയിൽ വിദേശമൂലധനം ഇന്ത്യയിൽ നിന്ന് പിന്മാറുന്ന അവസ്ഥയിലായി. ഇതുമൂലം രൂപയുടെ മൂല്യവും കുത്തനം ഇടിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ധനക്കമ്മി കൂടാൻ അനുവദിക്കാൻ ധനമന്ത്രിക്ക് കഴിയില്ല. കമ്മി കൂടുന്നത് ഫിനാൻസ് മൂലധനത്തിന് ചതുർത്ഥിയാണ്.
കേന്ദ്ര സർക്കാരിന്റെ അസൽ നികുതി വരുമാനത്തിൽ 2025-26-ൽ 1.6 ലക്ഷം കോടി രൂപയുടെ കുറവാണ് മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ എങ്ങനെയാണ് ധനക്കമ്മി പിടിച്ചുനിർത്തുക?
നിർമ്മലാ സീതാരാമൻ ചെയ്തത് ഇതാണ്: 2025-26-ലെ മൊത്തം ചെലവ് ഒരുലക്ഷം കോടി രൂപ വെട്ടിക്കുറച്ചു. 2025-26-ലെ റിവൈസ്ഡ് എസ്റ്റിമേറ്റുകൾ നോക്കിയാൽ തെളിയുന്ന ചിത്രം ഇതാണ്- സർവ്വ സാമൂഹ്യക്ഷേമ മേഖലകളിലും നിർദ്ദാക്ഷണ്യം ചെലവ് വെട്ടിക്കുറച്ചിരിക്കുകയാണ്.
ആരോഗ്യം: 3686 കോടി രൂപ
വിദ്യാഭ്യാസ: 6701 കോടി രൂപ
സാമൂഹ്യക്ഷേമം: 9999 കോടി രൂപ
കൃഷി: 6985 കോടി രൂപ
ഗ്രാമവികസനം: 53067 കോടി രൂപ
നഗരവികസനം: 39573 കോടി രൂപ
പട്ടികജാതി-പട്ടികവർഗ വികസനം: 3499 കോടി രൂപ
ജൽജീവൻ മിഷൻ: 50000 കോടി രൂപ
പിഎം ആവാസ് യോജന: 3200 കോടി രൂപ
സ്ത്രീകൾക്കു വേണ്ടിയുള്ള വിവിധ പദ്ധതികൾ: 51144 കോടി രൂപ
ഈ താഴ്ന്ന പുതുക്കിയ എസ്റ്റിമേറ്റിനോട് താരതമ്യപ്പെടുത്തി 2026-27-ലെ ബജറ്റിൽ വിവിധ മേഖകളിലെ വിലയിരുത്തലിൽ ഗണ്യമായി വർദ്ധന ഉണ്ടായിയെന്നു മേനിനടിക്കുകയാണ് കേന്ദ്ര ധനമന്ത്രി. സർക്കാരിന്റെ മൊത്തം ചെലവിൽ 2026-27-ൽ കഴിഞ്ഞ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഉണ്ടായിരിക്കുന്ന വർദ്ധന കേവലം 5.5 ശതമാനം മാത്രമാണ്. 10 ശതമാനം സാമ്പത്തിക വളർച്ച ഉണ്ടാകുമെന്നു പറയുന്ന വർഷത്തിലാണ് സർക്കാർ ചെലവ് ഇത്തരത്തിൽ ശോഷിക്കുന്നത്.
സംസ്ഥാനങ്ങൾക്ക് വിവിധ ഇനങ്ങളിൽ നൽകുന്ന കേന്ദ്ര സഹായം മൊത്തത്തിൽ 2025-26-ൽ 2 ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, 2026-27-ലെ ബജറ്റ് വകയിരുത്തലാകട്ടെ കഴിഞ്ഞ വർഷത്തെ ബജറ്റ് മതിപ്പു കണക്കിൽ നിന്ന് 59456 കോടി രൂപ കുറവാണ്. ജി.എസ്.ടി വരുമാനം ഇടിയുകയും തൊഴിലുറപ്പ് പദ്ധതിയിൽ അടങ്കലിന്റെ 40 ശതമാനം സംസ്ഥാനങ്ങളുടെ ചുമലിൽ അടിച്ചേൽപ്പിച്ച വർഷമാണ് ഇത്തരത്തിൽ സംസ്ഥാനങ്ങളുടെ വിഹിതത്തിൽ കുറവ് വരുത്തിയിരിക്കുന്നത്.
കേരളത്തിന്റെ നികുതി വിഹിതത്തിൽ 1.9 ശതമാനത്തിൽ നിന്ന് ഏതാണ്ട് 0.4 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്. പക്ഷേ, റവന്യു കമ്മി ഗ്രാന്റ് ഇല്ല. ഇത് വലിയ തിരിച്ചടിയാണ്.
കേരളത്തോടുള്ള അവഗണനക്കെതിരെ ഇതിനകം ബിജെപി നേതാക്കളൊഴികെ മറ്റെല്ലാവരും പ്രതിഷേധിച്ചു കഴിഞ്ഞു. തിരുവനന്തപുരം നഗരസഭ പിടിച്ചുകഴിഞ്ഞാൽ അവിടെ എന്തൊക്കെയോ ചെയ്യുമെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. തിരുവനന്തപുരം പോട്ടെ, വിഴിഞ്ഞത്തെക്കുറിച്ചുപോലും പരാമർശമില്ല. അതിവേഗ റെയിൽപ്പാതയുമില്ല. ആകെയുള്ള പരാമർശം റെയർ എർത്ത് ഇടനാഴിയെക്കുറിച്ചു മാത്രമാണ്. അത് നമുക്ക് സന്തോഷത്തേക്കാൾ ഉത്കണ്ഠയാണ് ഉണ്ടാക്കുന്നത്. കേരള തീരത്ത് ഇന്ന് ഖനനം നടത്തുന്നത് സംസ്ഥാന-കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇവയോടു ബന്ധപ്പെടുത്തി 42000 കോടി രൂപയുടെ മുതൽമുടക്കിൽ 50000 തൊഴിലവസരങ്ങൾ കേരള ബജറ്റിൽ പ്രഖ്യാപിച്ചതേയുള്ളൂ. കേന്ദ്ര സർക്കാരാണെങ്കിൽ കടൽഖനനവും ധാതുഖനനവും സ്വകാര്യ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ വഴിനോക്കി നടക്കുകയായിരുന്നു. കേരള ധാതുഖനന മേഖലയിലേക്ക് ശിങ്കിടി മുതലാളിമാർക്ക് വഴിവെട്ടാനാണോ നിർമ്മലാ സീതാരാമന്റെ ഇടനാഴിയെന്നു കാത്തിരുന്നു കാണണം.
ഓ.. പ്രധാനപ്പെട്ട ഒരു കാര്യം മറന്നുപോയി. "നമുക്ക് കടലാമ കിട്ടിയിട്ടുണ്ട്. എത്ര ടൂറിസ്റ്റുകളാണ് കടലാമകളെ കാണാൻ വരാൻ പോകുന്നതെന്ന് അറിയാമോ?" അതിനിടയിൽ നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനങ്ങൾ കേട്ട് സ്റ്റോക്ക് മാർക്കറ്റ് ഇടിത്തീ പോലെ തകർന്നു. സെൻസക്സ് 1547 പോയിന്റെ അതായത് 1.88 ശതമാനം ഇടിഞ്ഞു. പ്രതീക്ഷിച്ച ചില ഇളവുകൾ കിട്ടാത്തതും ഓഹരി വ്യാപാരത്തിനുമേൽ വരുത്തിയ നികുതി വർദ്ധനവിനുമേലും പ്രതിഷേധിക്കുകയായിരുന്നു ബ്രോക്കർമാർ. തെറ്റിദ്ധാരണ വേണ്ട. സാധാരണക്കാരുടെ ക്ഷേമത്തിലുള്ള വെട്ടിക്കുറവിലൊന്നും അവർക്ക് യാതൊരു പ്രതിഷേധവുമില്ല.
Content Highlights: Former Kerala finance minister Dr. Thomas Issac criticised the Union Budget 2026, saying it neglected the state’s developmental needs and favoured corporate interests over local priorities.