'അതേതോ ചീഫ് ജസ്റ്റിസ് ഓപ്പൺ കോടതിയിൽ എന്തോ വായിൽ തോന്നിയത് പറഞ്ഞു': വിവാദ പരാമർശവുമായി വി ഡി സതീശൻ

താനും രമേശ് ചെന്നിത്തലയും കൊടുത്ത കേസുകളിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് കോടതി വിധിയില്‍ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു

തിരുവനന്തപുരം: വിവാദ പരാമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളിയതിനെ കുറിച്ചുളള ചോദ്യത്തിനാണ് പ്രതിപക്ഷ നേതാവിന്റെ കോടതിയലക്ഷ്യ പരാമർശം. 'അതേതോ ചീഫ് ജസ്റ്റിസ് ഓപ്പണ്‍ കോടതിയില്‍ അദ്ദേഹത്തിന് വായില്‍ തോന്നിയത് പറഞ്ഞതാണ്' എന്നാണ് വി ഡി സതീശൻ പറഞ്ഞത്. വൈകിയ വേളയിൽ കേസെടുക്കുന്നതിൽ പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ഹർജി തളളിയതെന്നും കോടതി കേസ് ഫയലിൽ സ്വീകരിച്ചിരുന്നെന്നും വി ഡി സതീശൻ പറഞ്ഞു.അഴിമതി ആരോപിച്ചുളള വി ഡി സതീശന്റെ ഹർജി പൊതുതാൽപ്പര്യമാണോ അതോ പബ്ലിസിറ്റി താൽപ്പര്യമാണോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

'കോടതികളില്‍ അനുകൂലമായും പ്രതികൂലമായും അഭിപ്രായം വരും. കോടതി നടപടി എടുത്തത് കൊണ്ടല്ലേ അയ്യപ്പന്റെ സ്വര്‍ണം കൊളള നടത്തിയതിന് മൂന്ന് സിപിഐഎം നേതാക്കള്‍ ജയിലില്‍ കിടക്കുന്നത്. കോടതിയില്‍ ആര് കേസിന് പോയാലും അനുകൂലമായാലും പ്രതികൂലമായി വരും. കെ ഫോണിന്റെ കേസും ക്യാമറയുടെ കേസും എടുക്കുന്നതില്‍ പ്രസക്തിയില്ല എന്നാണ് കോടതി പറഞ്ഞത്. ഞാനും രമേശ് ചെന്നിത്തലയും കൊടുത്ത കേസുകളില്‍ ഞങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് കോടതി വിധിയില്‍ പറഞ്ഞിട്ടില്ല. വൈകിപ്പോയി. ആ സമയത്ത് പദ്ധതി പൂര്‍ത്തിയായി. അപ്പോള്‍ കേസെടുക്കുന്നതില്‍ പ്രസക്തിയില്ല എന്ന് പറഞ്ഞാണ് കോടതി കേസ് തളളിയത്. കേസ് ഫയലില്‍ സ്വീകരിച്ചല്ലോ. പബ്ലിസിറ്റിയാണെങ്കില്‍ കേസ് ഫയലില്‍ സ്വീകരിക്കേണ്ട കാര്യമില്ലല്ലോ. അതേതോ ചീഫ് ജസ്റ്റിസ് ഓപ്പണ്‍ കോടതിയില്‍ അദ്ദേഹത്തിന് വായില്‍ തോന്നിയത് പറഞ്ഞതാണ്. കേസ് ഫയലില്‍ സ്വീകരിച്ചു': വി ഡി സതീശൻ പറഞ്ഞു.

കോടികള്‍ നഷ്ടപ്പെടുത്തിയ പദ്ധതിയാണ് കെ ഫോണ്‍ എന്നും അത് തെളിഞ്ഞോളുമെന്നും വി ഡി സതീശൻ പറഞ്ഞു. '2019-ല്‍ 20 ലക്ഷം പേര്‍ക്ക് ഫോണ്‍ കൊടുക്കുമെന്ന് പറഞ്ഞതാണ്. ആ പദ്ധതി വന്നിട്ട് വര്‍ഷങ്ങളായി. എത്ര കോടി രൂപ സംസ്ഥാനത്ത് മുടക്കി. എത്ര പേര്‍ക്ക് ഫോണ്‍ കൊടുത്തു? കൊടുത്ത ഓഫീസുകളില്‍ പോലും ഇത് ഞങ്ങള്‍ക്ക് വേണ്ട എന്നാണ് പറയുന്നത്' അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അതിവേഗ റെയില്‍ വരുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും പ്രാരംഭ പഠനം പോലും നടത്താതെ പ്രഖ്യാപിച്ചപ്പോഴാണ് തങ്ങള്‍ എതിര്‍ത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഏത് പദ്ധതി ആയാലും പരിശോധന നടത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു. നേമത്ത് മത്സരിക്കാന്‍ വെല്ലുവിളിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെയും വി ഡി പരിഹസിച്ചു. മഹാനായ ശിവന്‍കുട്ടിയുടെ വെല്ലുവിളി സ്വീകരിക്കാന്‍ തനിക്ക് പ്രാപ്തിയില്ലെന്നും ശിവന്‍കുട്ടിയുമായി ഏറ്റുമുട്ടാന്‍ താനില്ലെന്നുമാണ് സതീശന്‍ പറഞ്ഞത്.

Content Highlights: VD Satheesan contempt of court remark while talking about k phone

To advertise here,contact us