കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില് കോഴിക്കോട് തിരുവമ്പാടിയില് നിന്നും കെ മുരളീധരന് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്. 'കെ മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്ന പോസ്റ്ററാണ് തിരുവമ്പാടിയില് പ്രത്യക്ഷപ്പെട്ടത്. തിരുവമ്പാടി തിരിച്ചുപിടിക്കാന് മതേതരത്വത്തിന്റെ കാവലാള് വേണമെന്നും പോസ്റ്ററിലുണ്ട്.
തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പോസ്റ്റര്. ഗുരുവായൂര്, തിരുവമ്പാടി സീറ്റുകള് വെച്ചുമാറുന്നത് പരിഗണനയിലുണ്ടെന്നും ജയസാധ്യത നോക്കി മാറ്റം വരുത്തുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില് ഒന്നിലധികം തവണ തോറ്റ ചില സീറ്റുകള് വെച്ചുമാറി വിജയസാധ്യത പരീക്ഷിക്കാനാണ് കോണ്ഗ്രസിന്റെയും ലീഗിന്റെയും തീരുമാനം.
മുസ്ലിം ലീഗ് തോറ്റ ഗുരുവായൂര്, പുനലൂര്, തിരുവമ്പാടി, കോങ്ങാട്, കളമശ്ശേരി സീറ്റുകള് വെച്ചുമാറല് പട്ടികയിലുണ്ട്. കോണ്ഗ്രസ് പരാജയപ്പെട്ട തവനൂര്, കൊച്ചി, പട്ടാമ്പി, ആര്എസ്പിയുടെ പക്കലുള്ള ഇരവികുളം സീറ്റുകള് ലീഗ് ആവശ്യപ്പെട്ടേക്കും.
Content Highlights: Poster demanding K Muraleedharan to contest from Thiruvambady