തിരുവനന്തപുരം: ബജറ്റ് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കേരളം മുന്നേറുമെന്ന നിശ്ചയദാര്ഢ്യത്തിന്റെ സാക്ഷ്യപത്രമാണ് ബജറ്റ്. ദാരിദ്ര്യം അവസാനിപ്പാക്കാനുള്ള തീരുമാനവുമായി സര്ക്കാര് മുന്നോട്ടുപോകുകയാണ്. സംസ്ഥാന ബജറ്റ് ലോകമാകെയുള്ള മലയാളികള് ചര്ച്ച ചെയ്യുകയാണെന്നും നവകേരള നിര്മിതിക്ക് ഉതകുന്നതാണ് ബജറ്റെന്നും എം വി ഗോവിന്ദന് പറഞ്ഞു. എകെജി സെന്ററില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്.
കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നതിന്റെ സാക്ഷ്യപത്രമാണ് ബജറ്റ് എന്നും എം വി ഗോവിന്ദന് പറഞ്ഞു. ലോകം മുഴുവന് മുതലാളിത്ത പാതയില് സഞ്ചരിക്കുമ്പോഴാണ് എല്ലാ വിഭാഗത്തെയും എല്ഡിഎഫ് ചേര്ത്ത് പിടിക്കുന്നത്. ക്ഷേമ പെന്ഷനുകള്ക്കൊപ്പം സാധാരണ തൊഴിലാളികള്ക്കുമൊപ്പം എന്നതാണ് ബജറ്റ് മുന്നോട്ടുവെയ്ക്കുന്നത്. വര്ഗക്കൂറോട് കൂടിയാണ് ഇടതുപക്ഷം നിലപാട് വ്യക്തമാക്കുന്നത്. തങ്ങളാണ് ഇടത് എന്ന് പറഞ്ഞ് ചില വായ്ത്താരകള് നടക്കുന്നുണ്ട്. അതുകൊണ്ട് കാര്യമില്ല. എല്ലാ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതാണ് ബജറ്റെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ബിരുദ പഠനം സൗജന്യമാക്കിയത് വിപ്ലവകരമായ തീരുമാനമാണ്. എല്ലാവര്ക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിലേക്കാണ് നീങ്ങുന്നത്. സര്ക്കാര് ജീവനക്കാരോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നതാണ് ബജറ്റ്. കേന്ദ്രം ശത്രുതാപരമായാണ് പെരുമാറുന്നത്. ഈ പ്രതികൂല സാഹചര്യത്തിലും ജീവനക്കാരുടെ ഡിഎ, പിആര് കൃത്യമായി കൊടുത്തു തീര്ക്കുമെന്ന് ബജറ്റില് പ്രഖ്യാപിച്ചുവെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഈ ബജറ്റ് ചര്ച്ച ചെയ്യാനുള്ള ത്രാണിയില്ലാത്തവരാണ് പ്രതിപക്ഷമെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. പ്രായോഗികം അല്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് പ്രതിപക്ഷത്തിന് പുത്തരിയുള്ള ഒരു അനുഭവം ആകില്ല. കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ സമയത്ത് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ കുറിച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ബഡായി ബജറ്റ് എന്നായിരുന്നു. പ്രതിപക്ഷ നേതാക്കന്മാരുടെ പേരില് മാത്രമാണ് മാറ്റം. പറയുന്നത് ഒരേ കാര്യമാണ്. വികസന വിരുദ്ധ നിലപാട് ആണ് പ്രതിപക്ഷം എല്ലാ കാര്യത്തിലും സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പ്രതിപക്ഷത്തിന് ബജറ്റിന്റെ ജനകീയ മുഖം മനസിലാക്കാന് സാധിക്കുന്നില്ല. വികസനത്തെ കുറിച്ച് ചര്ച്ച ചെയ്യേണ്ടിവരുമല്ലോ എന്ന് കരുതി തമസ്കരിക്കാനുള്ള ബോധപൂര്വമായ ശ്രമമാണ് നടത്തുന്നത്. വിമര്ശനം ഉയര്ത്താനുള്ള പ്രതിപക്ഷത്തിൻ്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാല് വികസന വിരുദ്ധ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത് എന്ന് പറയാതിരിക്കാന് കഴിയില്ല. സര്ക്കാര് കൊണ്ടുവരുന്ന പദ്ധതികളെ രാഷ്ട്രീയ വിരോധംവെച്ച് തകര്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു അഴിമതി ആരോപണം പ്രതിപക്ഷ നേതാവ് നിയമസഭയില് എഴുതി നല്കിയിട്ടില്ല. പുറത്ത് നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി നിരവധി കേസുകള് വന്നു. കോണ്ഗ്രസ് എംഎല്എ തന്നെ പരാതി കൊടുത്തു. സര്ക്കാരിന് അനുകൂലമായ വിധി വരുമ്പോള് അപ്പീല്, അപ്പീല് എന്നാണ് പറയുന്നത്. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തില് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും ജനങ്ങളോട് മാപ്പ് പറയണം. എന്തും പറയാം എന്തും ചെയ്യാം എന്നാണോ എന്നും എം വി ഗോവിന്ദന് പറഞ്ഞു.
മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില് പോലും ബിജെപി-കോണ്ഗ്രസും ഒത്തൊരുമയോടെ പോകുന്ന കാഴ്ചയാണ് കാണുന്നത്. മറ്റത്തൂര് പഞ്ചായത്തില് വീണ്ടും കോണ്ഗ്രസ്-ബിജെപി സഖ്യം വന്നിരിക്കുകയാണ്. ബിജെപി പിന്തുണയില് കോണ്ഗ്രസ് അംഗം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പല ഇടത്തും കോണ്ഗ്രസ് നിലനില്ക്കുന്നത് ഇങ്ങനെ തന്നെയാണെന്നും എം വി ഗോവിന്ദന് ആരോപിച്ചു.
പൗരത്വ രജിസ്റ്റര് തയ്യാറാക്കുകയാണ് എന്ന സിപിഐഎം ആരോപണം ബലപ്പെടുകയാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. സുതാര്യമായല്ല കാര്യങ്ങള് നടക്കുന്നത്. ചിലയിടങ്ങളില് പതിനായിരക്കണക്കിന് വോട്ടുകള് ചേര്ക്കപ്പെടുന്നുണ്ട്. കൃത്യമായ ലിസ്റ്റ് ബിഎല്ഒമാര്ക്ക് കിട്ടുന്നില്ല. എസ്ഐആറില് എല്ഡിഎഫ് വീണ്ടും പ്രതിഷേധം സംഘടിപ്പിക്കും. രണ്ടാം തീയതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് എല്ഡിഎഫ് മാര്ച്ച് നടത്തും. കൃത്യമായ കണക്ക് ബിഎല്ഒമാര്ക്ക് നല്കണമെന്നും എം വി ഗോവിന്ദന് ആവശ്യപ്പെട്ടു. എല്ലാവര്ക്കും വോട്ടര് പട്ടികയില് പേര് ചേര്ക്കുന്നതിന് അവസരം നല്കണം. അതിനുശേഷം മാത്രമേ അന്തിമപ്പട്ടിക പ്രസിദ്ധീകരിക്കാന് പാടുള്ളൂവെന്നും ഗോവിന്ദന് പറഞ്ഞു.
അതിവേഗ റെയില്പാതയുമായി ബന്ധപ്പെട്ടും എം വി ഗോവിന്ദന് പ്രതികരിച്ചു. കെ റെയില് ആയാലും ആര്ആര്ടിഎസ് ആയാലും ശ്രീധരന്റെ ആയാലും സ്പീഡ് റെയില് വന്നാല് മതി. കേന്ദ്രം പറഞ്ഞു എന്നല്ലേ പറയുന്നത്. കേന്ദ്രമന്ത്രിയെ കണ്ടപ്പോള് അവര്ക്ക് അറിയില്ലെന്നാണ് പറഞ്ഞത്. കെ-റെയില് വേണ്ടന്ന് വച്ചത് കേന്ദ്രം സമ്മതിക്കാത്തതിനാലാണ്. അതില് രാഷ്ട്രീയം ഉണ്ട്. കേരളത്തിന്റെ കെ റെയില് വേണ്ട. ശ്രീധരന്റെ അതിവേഗപാത മതിയെന്നാണ് സതീശന് പറയുന്നത്. ഇതാണ് ഇരട്ടത്താപ്പെന്നും എം വി ഗോവിന്ദന് തുറന്നടിച്ചു. ഇ ശ്രീധരനെയും എം വി ഗോവിന്ദന് പരിഹസിച്ചു. കേരളത്തില് മുഖ്യമന്ത്രിയായ വ്യക്തിയല്ലേ ഇ ശ്രീധരന് എന്നായിരുന്നു എം വി ഗോവിന്ദന്റെ പരിഹാസം. ആര്ആര്ടിഎസ് പദ്ധതി മണ്ടന് തീരുമാനം ആണെന്ന ശ്രീധരന്റെ പരാമര്ശത്തോടായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
Content Highlights- Cpim state secretary m v govindan on kerala budget 2026