ഹെൽമറ്റ് ഇല്ലാതെ യാത്ര: ഒരാഴ്ചക്കിടെ പൊലീസ് പിഴയായി ഈടാക്കിയത് 25597600 രൂപ; പരിശോധിച്ചത് 119414 വാഹനങ്ങള്‍

സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 50969 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,55,97,600 രൂപ പിഴ ഈടാക്കി പൊലീസ്. 1,19,414 ഇരുചക്ര വാഹനങ്ങളാണ് " ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് " എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്.

ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.

സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. 2026 ജനുവരി മാസം 11, 12 തീയതികളില്‍ മാത്രം 11 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു.

പൊതുജനങ്ങള്‍ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 974700 1099 എന്ന "ശുഭയാത്ര" വാട്ട്സ്ആപ്പ് നമ്പറില്‍ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തെ അറിയിക്കാവുന്നതാണ് പൊലീസ് അറിയിക്കുന്നു.

Content Highlights: Police have collected Rs 25,597,600 in fines within a week as part of a crackdown on riding without helmets

To advertise here,contact us