തിരുവനന്തപുരം: റോഡപകടത്തില്പ്പെട്ട് ചികിത്സ തേടുന്നവര്ക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സയുള്പ്പെടെ ആരോഗ്യമേഖലയിലും ബജറ്റില് കാര്യമായ പ്രഖ്യാപനങ്ങള്. ഫെബ്രുവരി ഒന്ന് മുതല് മെഡിസെപ്പ് 2.0 നടപ്പാക്കും. ഇതുവഴി ആനുകൂല്യങ്ങള് ലഭ്യമാക്കും. കാന്സര്-കുഷ്ഠ-എയ്ഡ്സ് -ക്ഷയ ബാധിതരുടെ പെന്ഷനില് 1,000 രൂപയുടെ വര്ധനവ്. പുതിയ മെഡിക്കല് കോളേജുകള്ക്കായി 57 കോടി രൂപ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യമേഖലയ്ക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്.
കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വര്ഷത്തേതിനേക്കാള് 200 കോടിയുടെ വര്ധനവാണിത്. വയോധികര്ക്കായി ന്യൂമോണിയ പ്രതിരോധ വാക്സിനായി 50 കോടി വകയിരുത്തി. തിരുവനന്തപുരം മെഡിക്കല് കോളേജില് സര്ജിക്കല് റോബോട്ടിനായി 12 കോടി വകയിരുത്തി.
കാൻസർ ചികിത്സയ്ക്കായി ആകെ 203 കോടിയാണ് വകയിരുത്തിയത്. മലബാര് കാന്സര് സെന്ററിന് 50 കോടിയുംകൊച്ചി കാൻസർ സെന്ററിന് 30 കോടിയുംആര്സിസിയ്ക്ക് 90 കോടിയും വകയിരുത്തി. മെഡിക്കല് കോളേജിലെ കാൻസർ ചികിത്സയ്ക്ക് 30 കോടി വകയിരുത്തി. ജില്ലാ താലൂക്ക് ആശുപത്രികള്ക്ക് 3 കോടിയും ഔഷധിയ്ക്ക് 2.3 കോടിയും പ്രഖ്യാപിച്ചു. ആര്ദ്രം മിഷന് രണ്ടാം ഘട്ടം - 70.92 കോടി പ്രഖ്യാപിച്ചു.
മെഡിക്കല് കോളേജുകളിലെ മാലിന്യ സംസ്കരണത്തിന് 22 കോടി, പകര്ച്ച വ്യാധി നിയന്ത്രണ പ്രവര്ത്തനങ്ങള്ക്ക് 12 കോടി, സാംക്രമിക രോഗ പ്രതിരോധത്തിന് 13 കോടി, നാഷണല് ഹെല്ത്ത് മിഷന് 465.20 കോടി രൂപയുടെ സംസ്ഥാന വിഹിതം എന്നിവയും പ്രഖ്യാപിച്ചു.
Content Highlights: Free treatment for the first 5 days for those seeking treatment for road accidents