കോട്ടയം: എസ്എന്ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്ഡ് ഒന്നിച്ചെടുത്തതാണെന്ന് എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന്നായര്. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഇടപെടലുണ്ടായെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ല. മൂന്ന് ദിവസത്തിനകം വരാമെന്ന് തുഷാര് വെള്ളാപ്പള്ളി പറഞ്ഞു. പാര്ട്ടി നേതാവായ താങ്കള് എങ്ങനെ ചര്ച്ച നടത്തുമെന്ന് തുഷാറിനോട് ചോദിച്ചു. രാഷ്ട്രീയ പാര്ട്ടിയുടെ ആള് ഐക്യവുമായി എങ്ങനെ ചര്ച്ച നടത്തും. വരേണ്ടതില്ലെന്നും അത് രാഷ്ട്രീയം ആകുമെന്ന് താൻ പറഞ്ഞുവെന്നും ജി സുകുമാരന് നായര് പറഞ്ഞു.
വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുമ്പേ തനിക്ക് പത്മഭൂഷൺ കിട്ടിയേനെ. തങ്ങൾ അതിലൊന്നും വീഴുന്ന ആളുകളല്ലെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
'അദ്ദേഹത്തിന് അര്ഹതയില്ലെന്ന് ഞാന് പറയുന്നില്ല. ഒരു ദിവസം കഴിഞ്ഞപ്പോള് വെള്ളാപ്പള്ളിക്ക് പത്മഭൂഷണ് പ്രഖ്യാപിച്ചു. ഇതുകൂടി വന്നപ്പോഴാണ് ഐക്യത്തിന് പിന്നിലെ കാരണം എന്തെന്ന് തോന്നിയത്. ആ കെണിയില് പെടേണ്ട എന്ന് തോന്നി. വെള്ളാപ്പള്ളിയുടേത് തന്ത്രപരമായ സമീപനമാണ്. മറ്റാരും ഇക്കാര്യത്തില് ഇടപെട്ടിട്ടില്ല. പത്മഭൂഷണ് കൊടുത്തതില് ഞങ്ങള്ക്ക് അതൃപ്തി ഒന്നുമില്ല. അദ്ദേഹം അര്ഹതപ്പെട്ട ആള് തന്നെ, ആക്ഷേപമില്ല. എന്നാല് എല്ലാം കൂടി ചേര്ത്ത് വായിക്കുമ്പോള് രാഷ്ട്രീയമായ ഇടപെടല് ഉണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ഐക്യം വേണ്ടെന്ന് തീരുമാനിച്ചത്. എന്എസ്എസിനെ സംശയിക്കുന്നതുപോലെ ഐക്യത്തിന് പിന്നില് ആരുടെയോ ഇടപെടല് ഉണ്ടെന്ന് ഞാന് സംശയിക്കുന്നു.ഞാന് വിചാരിച്ചിരുന്നെങ്കില് ഇതിനു മുന്പേ പത്മഭൂഷണ് എനിക്ക് കിട്ടിയേനെ. എനിക്ക് അങ്ങനെയുള്ള ഒരു ആഗ്രഹവുമില്ല. ആഗ്രഹമുണ്ടെങ്കില് എന്തെല്ലാം സ്ഥാനമാനങ്ങള് കിട്ടിയേനെ. ഞങ്ങള് അതിലൊന്നും വീഴുന്ന ആളുകളല്ല', സുകുമാരന് നായര് കൂട്ടിച്ചേര്ത്തു.
താൻ പ്രവർത്തിക്കുന്നത് എൻഎസ്എസിന് വേണ്ടിയാണ്. തനിക്കോ തന്റെ കുടുംബത്തിനു വേണ്ടിയോ അല്ല. അത് മറ്റൊരു സമുദായത്തിന് ദോഷകരമാവരുത് എന്ന് തനിക്കുണ്ട്. മറ്റുള്ളവർ പ്രവർത്തിക്കുന്നത് ആർക്കുവേണ്ടിയാണ് എന്നവർ ആലോചിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: nss general secretary g sukumaran nair says decision against alliance with sndp taken unanimously by board