തിരുവനന്തപുരം: കേശവപുരത്ത് കുടുംബവഴക്കിനിടെ മരുമകള് ജീവനൊടുക്കി. നഗരൂര് കേശവപുരം സ്വദേശിനി മഞ്ചിമ (23) ആണ് തൂങ്ങിമരിച്ചത്. മഞ്ചിമയുടെ ഭര്ത്താവ് വിനോദ് രണ്ടാനച്ഛനെ നിലവിളക്കുകൊണ്ട് അടിക്കുകയും രണ്ടാനച്ഛന് വിനോദിനെ വെട്ടി പരിക്കേല്പ്പിക്കുകയും ചെയ്തിരുന്നു. ഇവര് തമ്മില് വഴക്കിടുന്നതിനിടെയാണ് മഞ്ചിമ തൂങ്ങിമരിച്ചത്. വിനോദിന്റെ കേശവപുരത്തെ കുന്നുവിള വീട്ടിലായിരുന്നു സംഭവം.
വിനോദുമായി പിണങ്ങി മഞ്ചിമ സ്വന്തം വീട്ടിലായിരുന്നു താമസം. ഇന്ന് മഞ്ചിമ വിനോദിന്റെ വീട്ടിലെത്തിയിരുന്നു. രാത്രി ഒന്പതുമണിയ്ക്ക് മഞ്ചിമയെ വിനോദ് ശാരീരികമായി ഉപദ്രവിച്ചത് വിനോദിന്റെ അമ്മയുടെ രണ്ടാം ഭര്ത്താവ് കുട്ടപ്പന് എന്ന അശോകന് ചോദ്യംചെയ്തു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില് വഴക്കാവുകയും അത് കയ്യാങ്കളിയില് കലാശിക്കുകയുമായിരുന്നു. വിനോദ് നിലവിളക്ക് കൊണ്ട് അശോകന്റെ തലയ്ക്ക് അടിച്ചു. ഈ സമയം വെട്ടുകത്തിയെടുത്ത് അശോകന് വിനോദിന്റെ കയ്യില് വെട്ടി. വഴക്കിനിടെ കിടപ്പുമുറിയില് കയറി കതകടച്ച മഞ്ചിമ ഫാനില് കെട്ടിത്തൂങ്ങുകയായിരുന്നു.
കയ്യാങ്കളിയില് പരിക്കേറ്റ ഇരുവരെയും കേശവപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില് എത്തിച്ചശേഷം തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റി. മുറി തുറക്കാത്തതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് മഞ്ചിമയെ മരിച്ച നിലയില് കണ്ടെത്തിയത്. തുടര്ന്ന് അഴിച്ചിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിവരം അറിഞ്ഞെത്തിയ നഗരൂര് പൊലീസ് മഞ്ചിമയുടെ മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റി.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Daughter-in-law kills herself during family feud in Thiruvananthapuram