കണ്ണൂര്: പാര്ട്ടി ആരോപണങ്ങള് തള്ളിയും ഫണ്ട് ക്രമക്കേടില് ഉറച്ചും വി കുഞ്ഞികൃഷ്ണന്. തന്നെ പാര്ട്ടിയില് നിന്നും പുറത്താക്കിക്കൊണ്ട് സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉന്നയിച്ച ആരോപണങ്ങളില് പുതിയ കാര്യങ്ങളൊന്നുമില്ലെന്നും ചിലത് കേട്ടപ്പോള് ചിരിയാണ് ഉള്ളാലെ വന്നതെന്നും വി കുഞ്ഞികൃഷ്ണന് പറഞ്ഞു. കൈരളി തന്റെ അഭിമുഖം കൊടുക്കുമായിരുന്നെങ്കില് അങ്ങനെ ചെയ്തേനെ. ഏത് ചാനലില് അഭിമുഖം നല്കിയാലും പാര്ട്ടി നിലപാട് ഇത് തന്നെയായിരിക്കുമെന്നും വി കുഞ്ഞികൃഷ്ണന് കൂട്ടിച്ചേര്ത്തു. കുഞ്ഞികൃഷ്ണനെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്നും പുറത്താക്കിയതായി അറിയിച്ച കെ കെ രാഗേഷിന്റെ വാര്ത്താസമ്മേളനത്തിന് പിന്നാലെയാണ് പ്രതികരണം.
'കോടിയേരിയെ ഉദ്ധരിച്ചാണ് ഇന്ന് ഒട്ടേറെ കാര്യങ്ങള് കെ കെ രാഗേഷ് സൂചിപ്പിച്ചത്. പയ്യന്നൂരിലെ പാര്ട്ടിയെ കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകാന് വി കുഞ്ഞികൃഷ്ണന് സാധിക്കില്ലായെന്ന് ഏതെങ്കിലും ഒരാള്ക്ക് ആത്മനിഷ്ടമായി തോന്നിയാല് മതിയോ. അങ്ങനെ കൊണ്ടുപോകുന്നതില് എന്ത് വീഴ്ചയാണ് എന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പാര്ട്ടി ബോധ്യപ്പെടുത്തേണ്ടേ. അങ്ങനെയൊരു ബോധ്യപ്പെടുത്തലോ ചര്ച്ചയോ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. വി കുഞ്ഞികൃഷ്ണനെ ഏരിയാസെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ജില്ലാ കേന്ദ്രത്തില് തീരുമാനിച്ച് ഇവിടെ വന്നുപറയുകയായിരുന്നു. ഉള്പാര്ട്ടി ജനാധിപത്യത്തെക്കുറിച്ച് രാഗേഷ് വിശദീകരിച്ചു. എന്നാല് ഏരിയാ സെക്രട്ടറിയായ തന്നെ മാറ്റുന്നത് റിപ്പോര്ട്ട് ചെയ്തപ്പോള് ഏരിയാ കമ്മിറ്റിയിലെ 21 അംഗങ്ങളില് 17 പേരും മാറ്റാന് പാടില്ലെന്ന് പറഞ്ഞതാണ്. തീരുമാനം പുനപരിശോധിക്കാന് തയ്യാറായോ?', വി കുഞ്ഞികൃഷ്ണന് ചോദിച്ചു.
ഫണ്ട് സംബന്ധിച്ച് അടക്കം വിശദീകരണവും കണക്കും അംഗീകരിക്കാന് സാധിക്കാത്തതുകൊണ്ടാണ് കമ്മിറ്റിയില് തന്നെ നിലപാട് വ്യക്തമാക്കി മാറി നിന്നത്. അവസാനനിമിഷം നേതൃത്വം സമീപിച്ച് മാറിനില്ക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. ജനാധിപത്യകേന്ദ്രീകരണത്തെക്കുറിച്ച് എം വി ജയരാജന് വിശദീകരിച്ചപ്പോള് 'ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള് അര്ധരാത്രിയാണെന്ന് എം വി ജയരാജന് പറഞ്ഞാല് അത് അംഗീകരിച്ചുപോകാന് എല്ലാവരെയും കിട്ടില്ല' എന്ന് ഞാന് കമ്മിറ്റിയില് പറഞ്ഞു. ഇല്ലാത്ത കാര്യം അടിച്ചേല്പ്പിക്കലല്ല ജനാധിപത്യ കേന്ദ്രീകരണം. വസ്തുതകളെക്കുറിച്ച് പരിശോധിച്ച് തീരുമാനമെടുക്കലാണ് എന്നും വി കുഞ്ഞികൃഷ്ണന് പറഞ്ഞു.
കെട്ടിടനിര്മ്മാണ ഫണ്ട് സംബന്ധിച്ച് 2021 ലെ സമ്മേളനത്തിന് തൊട്ടുമുന്പാണ് ഏരിയാകമ്മിറ്റിയില് അവതരിപ്പിച്ചത്. കെട്ടിടനിര്മ്മാണക്കണക്കില് സഹകരണ ജീവനക്കാരില് നിന്നും പിരിച്ച ഫണ്ടിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. ആ കണക്ക് എന്തുകൊണ്ടാണ് 2021 ലെ സമ്മേളനത്തില് അവതരിപ്പിക്കാതെ 2024 ല് അവതരിപ്പിച്ചു. അത് 70 ലക്ഷം ഇല്ലാത്തതുകൊണ്ടാണ്. ആ കണക്ക് അംഗീകരിക്കാതെ വന്നതോടെ മാറ്റിവെച്ചു. 64 ലക്ഷത്തോളം രൂപയുടെ കണക്കാണ് പിന്നീട് അവതരിപ്പിച്ചത്. അങ്ങനയല്ലെന്നും 70 ലക്ഷത്തിന് മുകളിലുണ്ടെന്നും താന് പറഞ്ഞു. അതോടെ തര്ക്കമായി. രണ്ട് ബാങ്കില് നിന്ന് പിരിച്ച പണമായിരുന്നു അക്കൗണ്ടില് ഇല്ലാത്തത്. പെരളം, കുന്നലു ബാങ്കുകളില് നിന്നും പിരിച്ച കണക്കാണ് അക്കൗണ്ടിലില്ലാത്തത്. ഫണ്ട് ലഭിച്ചില്ലെങ്കില് വാങ്ങിയെടുക്കേണ്ടത് ഏരിയാസെക്രട്ടറിയാണ്. അന്ന് ടി ഐ മദുസുധനനാണ് ഏരിയാസെക്രട്ടറി. ഒരിക്കല്പ്പോലും ഈ രണ്ട് സ്ഥാപനങ്ങളില് നിന്നും ഫണ്ട് വന്നിട്ടില്ലെന്നും എന്തുകൊണ്ട് വന്നില്ലെന്ന് ചോദിക്കേണ്ടത് ടി ഐ മദുസൂദനനാണ്. പിന്നീട് 2024 ല് രണ്ടാമത്തെ കണക്ക് അവതരണത്തില് ഫണ്ട് കാണിച്ചു. വിചിത്രമെന്നു പറയട്ടെ വരവ് കൂടിയപ്പോള് ചിലവും കൂട്ടികാണിക്കുന്ന കണക്കാണ് അവതരിപ്പിച്ചത്. ഇല്ലാത്ത ചെലവ് പെരുപ്പിച്ചുകാട്ടി. പണിപൂര്ത്തിയായ ശേഷവും വിവിധ ഇനങ്ങളില് ചെലവ് സൂചിപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളെ പൊട്ടന്മാരാക്കുകയായിരുന്നുവെന്നും വി കൃഞ്ഞികൃഷ്ണന് പറഞ്ഞു.
Content Highlights: V Kunhikrishnan denies cpim k k ragesh allegations and insists on fund irregularities