പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഇന്റലിജന്സ് ഓഫീസറെ പാലക്കാട് വിജിലന്സ് പിടികൂടി. അമിതഭാരം ആരോപിച്ച് ജിഎസ്ടി ഇന്റലിജന്സ് വിഭാഗം പിടികൂടിയ പലചരക്ക് വാഹനങ്ങളുടെ ഉടമകളില് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥനെ വിജിലന്സ് പിടികൂടിയത്. കൈക്കൂലി പണമായ 3.5 ലക്ഷം രൂപയുമായാണ് ഉദ്യോഗസ്ഥന് പിടിയിലായത്. പുതുശ്ശേരി ജവഹര് നഗര് സ്വദേശി സുമന്(55) ആണ് അറസ്റ്റിലായത്. പാലക്കാട് ജിഎസ്ടി ഓഫീസിലുള്ള വാളയാര് സ്ക്വാഡിലെ ഇന്റലിജന്സ് ഓഫീസറാണ് സുമന്.
രണ്ടാഴ്ച്ച മുന്പ് സ്ക്രാപ് കയറ്റി വന്ന രണ്ട് വാഹനങ്ങള് സുമന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു. അമിതഭാരം ആരോപിച്ചാണ് വാഹനങ്ങള് കസ്റ്റഡിയിലെടുത്തത്. ഇതിന് പിഴ ചുമത്തുകയും ചെയ്തു. പിഴ ഒഴിവാക്കണമെങ്കില് കൈക്കൂലി നല്കണമെന്നായിരുന്നു സുമന്റെ ആവശ്യം. 4 ലക്ഷം രൂപ സുമന് ആവശ്യപ്പെട്ടെങ്കിലും 3.5 ലക്ഷം രൂപ പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു. ഇത് വാങ്ങാനായി ഉച്ചയോടെ സുമന് പുതുശ്ശേരി കുരുടിക്കാട് എത്തി. ഇവിടെ വച്ച് ലോറിക്കാരുടെ വേഷത്തിലെത്തിയ വിജിലന്സ് ടീം സുമനെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
ലോറി ഉടമയും ജീവനക്കാരും നല്കിയ പരാതിക്ക് പിന്നാലെയായിരുന്നു വിജിലന്സ് നടപടി. തുടര്ന്ന് സുമന്റെ ജവഹര്നഗറിലെ വീട്ടിലും പരിശോധന നടത്തിയതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥര് മടങ്ങിയത്. നേരത്തെയും ഇദ്ദേഹത്തിനെതിരം കൈക്കൂലി ആരോപണങ്ങള് ഉണ്ടായിട്ടുണ്ട്.
Content Highlight; Palakkad Vigilance caught a GST intelligence officer while accepting a bribe