കുഞ്ഞിന്‍റെ കൊലപാതകം: ഷിജില്‍ കൊടും ക്രിമിനല്‍; സെക്സ് ചാറ്റിങ് ആപ്പുകളില്‍ സജീവം, നിരവധി സ്ത്രീകളുമായി ബന്ധം

ഒരു വയസ്സുള്ള കുഞ്ഞിന്റെ കൈകാലുകൾ തിരിച്ച് വേദനിപ്പിക്കുകയായിരുന്നു ഷിജിൽ നിരന്തരമായി ചെയ്തിരുന്നത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ കൊലപാതകത്തിൽ പിടിയിലായ പിതാവ് ഷിജില്‍ കൊടും ക്രിമിനലെന്ന് പൊലീസ്. കുഞ്ഞിനെ ഇയാൾ പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞപ്പോൾ മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കുന്നു. സെക്സ് ചാറ്റ് ആപ്പുകളിൽ അടക്കം ഷിജിൽ സജീവമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വിശദമായ അന്വേഷണത്തിന് ഒടുവിലാണ് കൊടും കുറ്റവാളിയുടെ മാനസികാവസ്ഥയുള്ള ആൾ തന്നെയായിരുന്നു ഷിജിൽ എന്നുള്ള കണ്ടത്തലിലേക്ക് പോലീസ് എത്തിയത്. ഒരുവട്ടമല്ല പലവട്ടം കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചു. ഒരു വയസ്സുള്ള കുഞ്ഞിന്റെ കൈകാലുകൾ തിരിച്ച് വേദനിപ്പിക്കുകയായിരുന്നു ഷിജിൽ നിരന്തരമായി ചെയ്തിരുന്നത്. മുൻപ് കുഞ്ഞിന്റെ ഒരു കൈ ഒടിഞ്ഞ് പ്ലാസ്റ്റർ ഇടുന്ന അവസ്ഥ ഉണ്ടായി. കുഞ്ഞ് വീണ് കൈ ഒടിഞ്ഞു എന്നായിരുന്നു അന്ന് പുറത്തുള്ളവരോട് ഷിജില്‍ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ മരണശേഷം നടത്തിയ അന്വേഷണത്തില്‍ കൈക്ക് കാര്യമായ പൊട്ടൽ ഉണ്ടായതിന്‍റെ കാരണക്കാരനും ഷിജിലാണെന്ന് കണ്ടെത്തി.

കൈമുട്ടുകൊണ്ട് കുഞ്ഞിന്‍റെ നെഞ്ചിലും അടിവയറ്റിലും ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. പ്രതിക്ക് നിരന്തരമായി കുഞ്ഞിനോട് വലിയ രീതിയിലുള്ള ദേഷ്യം ഉണ്ടായിരുന്നു. കുഞ്ഞിന്റെ പിതൃത്വത്തിൽ തന്നെ ഷിജിലിന് വലിയ സംശയം ഉണ്ടായിരുന്നു. കൃഷ്ണപ്രിയ ഗർഭിണിയായ സമയം മുതൽക്ക് തന്നെ തുടങ്ങിയ സംശയം കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു.

സംഭവ ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനമായി മാറിയത്. ഉടന്‍ ഷിജില്‍ പോയി കുഞ്ഞിനെ എടുത്തുകൊണ്ടുവന്ന് തന്റെ മടിയിൽ ഇരുത്തികൊണ്ട് കൈമുട്ടുവെച്ച് അടിവയറ്റിലും നെഞ്ചിലും അതിശക്തമായി ഇടിക്കുകയായിരുന്നു. കുഞ്ഞ് വേദനകൊണ്ട് കരഞ്ഞെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആദ്യം ഷിജില്‍ തയ്യാറായില്ല. ഒടുവില്‍ ഏറെ നേരത്തെ നിർബന്ധത്തിന് ഒടുവിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. കുട്ടിയുടെ കൈ ഒടിഞ്ഞപ്പോഴും ആശുപത്രിൽ കൊണ്ടുപോകാൻ വൈകിയെന്നും ഷിജിന്റെ ഭാര്യ രഹസ്യ മൊഴി നൽകിയിട്ടുണ്ട്.

നിരവധി സ്ത്രീകളുമായിട്ട് ബന്ധമുള്ള ആൾ കൂടിയാണ് ഷിജിൽ. സെക്സ് ചാറ്റ് ആപ്പുകള്‍ വലിയ തോതില്‍ ഉപയോഗിച്ചിരുന്ന പ്രതി പല സ്ത്രീകളുമായിട്ടും ബന്ധം പുലർത്തിയിരുന്നു. അതുവഴി സാമ്പത്തിക ബാധ്യത അടക്കം ഷിജിലിന് ഉണ്ടായിരുന്നു എന്നുള്ള കണ്ടെത്തലിലേക്കും പോലീസ് എത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഷിജിലിന്റെ ഈ പ്രവർത്തികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

ഷിജില്‍ കുഞ്ഞിനെ പലപ്പോഴും മർദ്ദിച്ചിരുന്നതായി കൃഷ്ണപ്രിയ പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് അനുസരിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ 'അങ്ങനെയൊക്കെ സംഭവിച്ചു പോയി' എന്നുള്ള രീതിയിൽ വളരെ ലാഘവത്തോടു കൂടിയുള്ള മറുപടിയായിരുന്നു ലഭിച്ചത്. കുഞ്ഞു മരിച്ച പിതാവിന്റെ ദുഃഖമോ അല്ലെങ്കിൽ കൈയബദ്ധം പറ്റി പോയതിന്റെ കുറ്റബോധമോ ഒന്നും തന്നെ ഷിജിൽ ഉണ്ടായിരുന്നില്ല എന്നുകൂടി പോലീസ് പറയുന്നു.

Content Highlights: Serious findings have emerged against accused Shijil in the Neyyattinkara child death case, according to investigation updates

To advertise here,contact us