കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയില് വിശദമായ അന്വേഷണത്തിന് പൊലീസ്. പ്രതി ഷിംജിത മുസ്തഫയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ബസില് നിന്ന് ഷിംജിത ഏഴ് ദൃശ്യങ്ങള് പകര്ത്തിയതായാണ് പൊലീസ് റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നത്. ഇത് ഒന്പതോ പത്തോ സെക്കന്ഡ് ദൈര്ഘ്യമുള്ള ദൃശ്യങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമേ സ്ലോമോഷനുമാക്കിയിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്യുന്നതിന് ഷിംജിതയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഷിംജിതയുടെ ഫോണ് വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.
ദീപക്കിന്റെ മരണത്തിന് ശേഷം ഫോണിലെ ഇന്സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള് ഷിംജിത ഡിലീറ്റ് ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കില് ഷിംജിത സോഷ്യല് മീഡിയ അക്കൗണ്ടുകള് എന്തിന് ഡിലീറ്റ് ചെയ്തു എന്ന സംശയവും ഉയര്ന്നിട്ടുണ്ട്. ഇക്കാര്യങ്ങളില് അടക്കം ഷിംജിത പൊലീസിന് വിശദീകരണം നല്കേണ്ടി വരും. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ഷിംജിതയുടെ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തില് പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്കും. ഇതിനായി കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയില് ഇന്ന് അപേക്ഷ നല്കും.
ഷിംജിതയുടെ സഹോദരന് സിയാദ് നല്കിയ പരാതിയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള് ശല്യം ചെയ്തുവെന്നായിരുന്നു പയ്യന്നൂര് പൊലീസിന് ഇമെയില് വഴി അയച്ച പരാതിയില് സഹോദരന് ചൂണ്ടിക്കാട്ടുന്നത്. ബസില് അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് ഷിംജിതയുടെ റിമാന്ഡ് റിപ്പോര്ട്ടില് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിംജിതയുടെ സഹോദരന് പൊലീസില് പരാതി നല്കിയത്.
സോഷ്യല് മീഡിയയില് വീഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിന്റെ റിമാന്ഡ് റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടിയിരുന്നത്. വീഡിയോ തന്റെ മാതാപിതാക്കളോ ബന്ധുക്കളോ കണ്ടാല് മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കപ്പെടുമെന്ന് ദീപക് കരുതിയിരുന്നു. അസിസ്റ്റന്ഫ് പ്രൊഫസര് യോഗ്യതയുള്ള മുന് പഞ്ചായത്ത് മെമ്പറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നാല് നേരിട്ട അനുഭവത്തെക്കുറിച്ച് ബസ് ജീവനക്കാരോട് പോലും ഷിംജിത പരാതിപ്പെട്ടില്ല. ബസില് നിന്ന് ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങിപ്പോയതെന്നും പൊലീസിന്റെ റിമാന്ഡ് റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു ബസില് നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി ഷിംജിത സോഷ്യല് മീഡിയയില് വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബര് ആക്രമണം നടന്നിരുന്നു. തൊട്ടടുത്ത ദിവസം ദീപക്കിനെ വീട്ടില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. സൈബര് ആക്രമണത്തില് മനംനൊന്ത് ദീപക് ജീവനൊടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില് പരാതി നല്കി. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജ് പൊലീസ് ഷിംജിതയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു ഇവര്ക്കെതിരെ ചുമത്തിയത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില് പോയി. ഇക്കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട്ടെ ബന്ധുവീട്ടില് നിന്ന് ഷിംജിതയെ പൊലീസ് കസ്റ്റഡിയില് എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Content Highlights- Deepak death case: Seven videos filmed by shimjitha on bus were edited