തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്ച്ചെന്ന് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് മകളുടെ ഭര്ത്താവ് ഉണ്ണികൃഷ്ണന് കസ്റ്റഡിയില്. മുംബൈ എയര്പോര്ട്ടില്വെച്ച് മുംബൈ പൊലീസാണ് കസ്റ്റഡിയില് എടുത്തത്. ഇന്ന് വൈകീട്ടോടെ കേരളത്തില് നിന്നുള്ള അന്വേഷണ സംഘം മുംബൈയിൽ എത്തി ഉണ്ണികൃഷ്ണനെ കസ്റ്റഡിയില് വാങ്ങും. കേരളത്തിലെത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ഉണ്ണികൃഷ്ണനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പൂന്തുറ പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
കമലേശ്വരം ആര്യന്കുഴിക്ക് സമീപം ശാന്തിഗാര്ഡന്സ് സോമനന്ദനത്തില് പരേതനായ റിട്ട. അഗ്രികള്ച്ചര് ഡപ്യൂട്ടി ഡയറക്ടര് എ രാജീവിന്റെ ഭാര്യ എസ്എല് സജിത, മകള് ഗ്രീമ എന്നിവരെ ഇന്നലെയാണ് വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്. സജിത എഴുതിയ ആത്മഹത്യാക്കുറിപ്പില് ഗ്രീമയുടെ ഭര്ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള് ഉണ്ടായിരുന്നു. താനും മകളും ജീവനൊടുക്കാന് കാരണം ഗ്രീമയുടെ ഭര്ത്താവ് ഉണ്ണികൃഷ്ണനാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ആറ് വര്ഷത്തോളമായി നേരിടുന്ന മാനസിക പീഡനവും അവഗണനയുമാണ് കാരണമെന്നും കുറിപ്പില് പറയുന്നു.
'ആറ് വര്ഷങ്ങളായുള്ള മാനസിക പീഡനവും അവഗണനയുമാണ് കാരണം. എന്റെ മോളേ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെയാണ് എറിയുന്നത്. എന്റെ മോള് അവനോട് കെഞ്ചികരഞ്ഞിട്ടും അവന് വേണ്ട. പിരിയാന് തക്ക കാരണങ്ങള് ഒന്നും ഇല്ല. എന്തൊക്കെയോ നിസാര കാരണങ്ങള്. അപമാനഭാരം ഇനിയും സഹിക്കാന് വയ്യ… മടുത്തു മതിയായി..' എന്നാണ് സജിത രാജീവ് കുറിപ്പില് എഴുതിയിട്ടുള്ളത്.
'ഈ സ്വത്തുക്കള് എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കള് ആണ്. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്മാരും ഈ സ്വത്തുക്കള് അനുഭവിക്കാന് ഇടവരരുത്. എന്റെ മാമന്മാര് അനുഭവിക്കുന്നതാണ് എനിക്കും എന്റെ അമ്മയ്ക്കും സന്തോഷം. ദയവ് ചെയ്ത് ഇത് ആരും അവഗണിക്കരുത്. നിങ്ങള് എല്ലാവരും കൂടി ദയവായി മുന്കൈ എടുത്ത് ഇത് നടപ്പാക്കണം. എന്റെ അവസാനത്തെ അപേക്ഷയാണ്' എന്നാണ് ഗ്രീമയുടെ കുറിപ്പിലുള്ളത്.
മകളുടെ വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന സന്ദേശം മരിക്കും മുമ്പ് ഇവര് ബന്ധുക്കള്ക്ക് അയച്ചിരുന്നു.
Content Highlights: Kamaleswaram Mother daughter Death Daughter's husband in custody in Mumbai