കോഴിക്കോട്: ബസിനുള്ളില് വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില് യുവതി ഒളിവില് തുടരുന്നു. വീഡിയോ പകര്ത്തി പങ്കുവെച്ച വടകര സ്വദേശി ഷിംജിതയാണ് ഒളിവില് തുടരുന്നത്. യുവതി മുന്കൂര് ജാമ്യത്തിന് വേണ്ടി ശ്രമിക്കുകയാണ്. ഷിംജിത വിദേശത്തേക്ക് കടക്കാന് സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല് സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് എത്തിയെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഷിംജിതയ്ക്കായുള്ള തിരച്ചില് പൊലീസ് ഊര്ജിതമാക്കിയിട്ടുണ്ട്. ദീപക്കിന്റെ ദൃശ്യങ്ങള് ചിത്രീകരിച്ച മൊബൈല് ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാര് റിപ്പോര്ട്ടറിനോട് പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കില് പൊലീസില് അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാര് വ്യക്തമാക്കി.
ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദീപക്കിന്റെ അമ്മ നല്കിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കല് കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള് പൊലീസിന് മൊഴി നല്കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കണ്ണൂരിലേക്കുള്ള യാത്രയില് ബസില്വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില് ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര് ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില് മരിച്ചനിലയില് കണ്ടെത്തിയത്.
Content Highlights: The accused Shimjitha in the Deepak death case is still absconding