തിരുവനന്തപുരം: എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായർ. ഇത്രയും വില കുറഞ്ഞ രീതിയില് ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഡി സതീശന് അടക്കമുള്ള യുഡിഎഫ് നേതാക്കള് വെള്ളാപ്പള്ളിക്കെതിരെ നിരന്തരം വിമർശനം തുടരുന്ന പശ്ചാത്തലത്തില് കൂടിയാണ് എന്എസ്എസ് നേതാവിന്റെ പിന്തുണ എന്നതാണ് ശ്രദ്ധേയം. ഇരുസമുദായ സംഘടനകളും സഹകരിച്ച് മുന്നോട്ട് പോകേണ്ട സാഹചര്യമാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു സുകുമാരന് നായർ.
'എന്എസ്എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണ്. വെള്ളാപ്പള്ളി നടേശന് ദീർഘകാലമായി ഒരു സമുദായത്തിന്റെ നേതാവാണ്. ഇത്രയും പ്രായമായ അദ്ദേഹത്തെ പോലൊരു നേതാവിനെ ഈ തരത്തില് വില കുറഞ്ഞ രീതിയില് രാഷ്ട്രീയ നേതാക്കള് ആക്ഷേപിക്കുന്നത് ഒരിക്കലും ഭൂഷണമായ കാര്യമല്ല.' ജി സുകുമാരന് നായർ പറഞ്ഞു.
മുഖ്യമന്ത്രി വണ്ടിയില് കയറ്റി എന്നൊക്കെ പറഞ്ഞ് വിമർശിക്കുന്നത് എത്ര വിലകുറഞ്ഞ രീതിയാണ്. ഇത് ഒരിക്കലും ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്എസ്എസും എസ്എന്ഡിപിയും യോജിച്ചുപോകണമെന്ന അഭിപ്രായം അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. സഹകരണ ആവശ്യം അദ്ദേഹം പറയുകയാണെങ്കില് എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും. ഞങ്ങള് അലോഹ്യത്തില് അല്ല, ലോഹ്യത്തില് തന്നെയാണെന്നും എന്എസ്എസ് ജനറല് സെക്രട്ടറി കൂട്ടിച്ചേർത്തു.
അതേസമയം, എന്എസ്എസിനേയും എസ്എന്ഡിപിയേയും തമ്മില് തെറ്റിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കാന് അദ്ദേഹം തയ്യാറായില്ല.
എൻഎസ്എസ് നേതൃത്വവുമായി കൊമ്പുകോർക്കാൻ എസ്എൻഡിപി ഇനി തയ്യാറല്ലെന്നായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. പെരുന്നയിലേയ്ക്ക് ക്ഷണിച്ചാൽ പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എൻഎസ്എസുമായി പിണങ്ങിയിട്ട് എന്ത് കിട്ടിയെന്നും സംവരണ തർക്കത്തിൽ എന്ത് നേടിയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എൻഎസ്എസുമായി സഹകരിച്ച് പോകും. 21ന് എസ്എൻഡിപി നേതൃ സമ്മേളനം വിളിച്ചിട്ടുണ്ട് വിശദമായി ചർച്ചചെയ്ത് തീരുമാനത്തിലെത്തുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എൻഎസ്എസുമായി തമ്മിൽ തല്ലിച്ചെന്നും ചിലർ പുറകിൽ നിന്നെന്നും വെള്ളാപ്പളളി ആരോപിച്ചു. നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കേണ്ട കാലമാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു.
എൻഎസ്എസുമായി യുദ്ധം ചെയ്യിച്ചത് ആരാണെന്ന് ചൂണ്ടിക്കാണിച്ച വെള്ളാപ്പള്ളി കുരങ്ങനെ കൊണ്ട് ചുടുചോറ് മാന്തിക്കുകയല്ലെ ചെയ്തതെന്നും ചോദിച്ചു. സംവരണ കാര്യമാണ് എൻഎസ്എസുമായുള്ള തർക്കത്തിന് കാരണമെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഈ സംവരണത്തിൽ എന്ത് നേടിയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എൻഎസ്എസ് മാത്രമല്ല നായാടി മുതൽ നസ്രാണിവരെ ഒരുമിച്ച് നിൽക്കേണ്ട കാലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നസ്രാണികൾ വളരെ വിഷമത്തിലാണെന്നും അവർ പുറത്ത് പറയുന്നില്ലെന്നേയുള്ളുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികൾ ഭയന്ന് ജീവിക്കുകയാണ്. നായാടി മുതൽ നമ്പൂതിരി വരെ എന്ന നേരത്തെ മുന്നോട്ട് വെച്ച ആശയം നായാടി മുതൽ നസ്രാണി വരെ എന്നാക്കിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈഴവ വിരോധിയെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ഒരു പിന്നാക്കക്കാരൻ മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറാൻ പാടില്ല, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ ഒട്ടും കയറ്റാൻ പാടില്ല എന്നതാണ് വി ഡി സതീശൻ്റെ നിലപാട്. മുഖ്യമന്ത്രിയുടെ വണ്ടിയിൽ താൻ കയറിയത് വലിയൊരു കുറവായി വി ഡി സതീശൻ കാണുന്നുണ്ടെങ്കിൽ അയാളെയെല്ലാം ഊളൻപാറയ്ക്ക് അയക്കണ്ടെ. നടന്നുവരുന്ന തന്നെ മുഖ്യമന്ത്രി വണ്ടിയിൽ കയറ്റി കൊണ്ടുപോയത് വലിയ തെറ്റാണെന്നല്ലെ വ്യാഖ്യാനിക്കുന്നത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.