കോട്ടയം: ഫ്രാങ്കോ മുളയ്ക്കല് പ്രതിയായ ബലാത്സംഗ കേസിലെ തുടര്നടപടികളില് സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടറെ ചോദിച്ചതിന് സര്ക്കാരിന് നന്ദി പറഞ്ഞ് സിസ്റ്റര് റാണിറ്റ്. ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തെ തന്നെ നല്കിയതിന് നന്ദിയെന്നും സിസ്റ്റര് റാണിറ്റ് പ്രതികരിച്ചു. സര്ക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി എന്നായിരുന്നു സിസ്റ്റര് റാണിറ്റ് പറഞ്ഞത്. സംഭവത്തില് നടന്ന സമരങ്ങളെയോ പ്രതിഷേധങ്ങളെയോ കുറിച്ച് അറിയില്ലെന്നും ജനങ്ങള് അങ്ങനെയൊക്കെ നടത്തുന്നുണ്ടാകുമെന്നും സിസ്റ്റര് റാണിറ്റ് പറഞ്ഞു. തനിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും റാണിറ്റ് കൂട്ടിച്ചേര്ത്തു.
ഫ്രാങ്കോ മുളയ്ക്കല് പ്രതിയായ പീഡനക്കേസില് സ്പെഷ്യല് പ്രോസിക്യൂട്ടറായി ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടത്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനായ കോട്ടയം അഡീഷണല് സെഷന്സ് കോടതി വിധിക്കെതിരെ സര്ക്കാരും അതിജീവിതയും അപ്പീല് നല്കിയിരുന്നു. ഹൈക്കോടതിയില് നല്കിയ അപ്പീലിന്റെ തുടര്നടപടികള്ക്കായാണ് സ്പെഷ്യല് പ്രോസിക്യൂട്ടറെ നിയമിച്ചത്.
2014 മുതല് 2016 വരെയുള്ള കാലയളവില് പീഡനം നടന്നതായാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉയര്ന്നത്. 13 തവണ ബലാത്സംഗം ചെയ്തെന്ന കേസില് 2018 സെപ്റ്റംബറിലാണ് ഫ്രാങ്കോ മുളയ്ക്കല് അറസ്റ്റിലായത്. ലൈംഗീകാതിക്രമ കേസില് ഇന്ത്യയില് അറസ്റ്റിലാവുന്ന ആദ്യത്തെ കത്തോലിക്ക ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്.
2022ല് തെളിവുകളുടെ അഭാവവും അതിജീവിതയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച സിസ്റ്റര് റാണിറ്റ് കേസില് 2026ല് നടക്കാനിരിക്കുന്ന ഹിയറിങിനായി കാത്തിരിക്കുകയാണ്.
Content Highlight; Sister Ranit Responds to Appointment of Special Prosecutor in Franco Mulakkal Case